പ്രിയങ്കയേയും രാഹുലിനെയും കണ്ട് നവ്ജ്യോത് സിംഗ് സിദ്ധു

Thursday 01 July 2021 12:52 AM IST

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗുമായുള്ള തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ, പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു ഇന്നലെ ഡൽഹിയിലെത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു അറിയിച്ചിരുന്നെങ്കിലും രാഹുൽ ആദ്യം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമുള്ള ചിത്രം സിദ്ധു പങ്കുവച്ചത്. മൂന്നു മണിക്കൂറോളം ഇരുവരും സംസാരിച്ചു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമല്ല.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ, പഞ്ചാബിലെ പാളയത്തിൽ പട കോൺഗ്രസിന് തലവേദനയായിരിക്കയാണ്. വിഭാഗീയത അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.

ഒരുകാലത്ത് അമരീന്ദർ സിംഗിന്റെ വലംകൈയായിരുന്ന സിദ്ധു ഇപ്പോൾ ക്യാപ്ടന്റെ നിശിത വിമർശകനാണ്. ദിവസവും ഇരുവരും സാമൂഹികമാദ്ധ്യമങ്ങളിൽ കൂടി വാക്ക്പോർ തുടരുന്നു. അച്ചടക്ക ലംഘനത്തിന് സിദ്ധുവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ഏഴു മന്ത്രിമാർ അടക്കം ആവശ്യപ്പെട്ടിരുന്നു.

അമൃത്‌സർ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ സിദ്ധു ബി.ജെ.പിയിലേക്കോ എ.എ.പിയിലേക്കോ ചേക്കേറുമോ എന്ന ചോദ്യവും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നിരുന്നു. ഇടഞ്ഞുനിൽക്കുന്ന സിദ്ധുവുമായി അകാലിദൾ, ആം ആദ്മി പാർട്ടി, ബി.എസ്.പി തുടങ്ങിയവയെല്ലാം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാൽ, ബി.ജെ.പിയിൽ ചേരാനിടയില്ലെന്നാണ് സിദ്ധുവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

Advertisement
Advertisement