ശൈലേന്ദ്ര ബാബു തമിഴ്നാടിന്റെ പുതിയ ഡി.ജി.പി

Thursday 01 July 2021 12:09 AM IST

നാഗർകോവിൽ: തമിഴ്നാട് ഡി.ജി.പിയായി കായികതാരം കൂടിയായ ഡോ. ശൈലേന്ദ്ര ബാബുവിനെ ചുമതലയേറ്റെടുത്തു.

തമിഴ്‌നാട്ടിലെ മുപ്പതാമത്തെ ഡി.ജി.പിയാണ്. നിലവിൽ റെയിൽവേ ഡി.ജി.പിയായിരുന്നു.

കന്യാകുമാരി കുഴിത്തുറ സ്വദേശിയായ ശൈലേന്ദ്ര ബാബുവിന് 2022 ജൂൺ വരെ കാലാവധിയുണ്ട്.

പരേതനായ ചെല്ലപ്പന്റെയും രത്നമാളിന്റെയും മകനായി 1962 ജൂൺ 5നാണ് അദ്ദേഹം ജനിച്ചത്. വിളവൻകോട് സർക്കാർ സ്‌കൂളിലാണ് പഠിച്ചത്. തുടർന്ന് എം.എസ്.സി, എം.എ, ‌ഡോക്ടറേറ്റ് നേടി. 1987ൽ ഐ.പി.എസ്

കരസ്ഥമാക്കി. 1992ൽ ഡിണ്ടിഗൽ എസ്.പിയായി. മാരത്തൺ അടക്കമുള്ള ഓട്ടമത്സരങ്ങളിലെ നിറസാന്നിദ്ധ്യമായ ശൈലേന്ദ്ര ബാബു കായികക്ഷമതയെ കുറിച്ച് പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 2004ൽ ബാങ്കോക്കിൽനടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ പഠിപ്പിക്കാറുണ്ട്. മലയാളം നന്നായി അറിയാം. ദീർഘദൂര സൈക്കിൾ സവാരിയാണ് വിനോദം. തമിഴ്നാട് പൊലീസിന്റെ തീരസംരക്ഷണ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ 2013ൽ തീരസംരക്ഷണം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിന് വേണ്ടി ചെന്നൈ മുതൽ കന്യാകുമാരിവരെ 890 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു. പൊലീസ് അക്കാഡമിയിലെ പരിശീലനത്തിനിടെ നീന്തൽ ചാമ്പ്യനായിരുന്നു. വ്യക്തിത്വവികസനം, സിവിൽ സർവീസ് പരീക്ഷ, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Advertisement
Advertisement