പൂ വിപണിയിൽ റീത്ത് സമർപ്പണം!

Thursday 01 July 2021 3:21 AM IST

ആലപ്പുഴ: അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കളെത്താൻ തുടങ്ങിയെങ്കിലും വിറ്റഴിക്കാൻ ഇടമില്ലാതെ വലയുകയാണ് കച്ചവടക്കാർ. ക്ഷേത്രങ്ങളിലേക്ക് പൂക്കളും പൂമാലകളും മറ്റും പേരിനു മാത്രം മതി. മരണങ്ങളിൽ കൂടുതലും കൊവിഡ് ബാധിച്ചുള്ളവയായതിനാൽ റീത്ത് കച്ചവടവും കുറഞ്ഞു. സ്വീകരണ ചടങ്ങുകളിലും സാമൂഹിക അകലം കർശനമായതിനാൽ ബൊക്കെ കൈമാറ്റവും സ്വാഹ! പൂക്കളുടെയും 'മൂല്യവർദ്ധിത' ഉത്പന്നങ്ങളുടെയും വിപണിയെ പിടിച്ചുലയ്ക്കുകയാണ് കൊവിഡ്.

കൊവിഡിനു മുമ്പ് മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് കിലോയ്ക്ക് 5000 രൂപയ്ക്ക് മുകളിൽ വരെ എത്തിയിരുന്നു. നിലവിൽ 600 രൂപ! 25-30 രൂപയ്ക്ക് ഒരു മുഴം മുല്ലപ്പൂ കുട്ടും. കല്യാണചടങ്ങുകൾക്കുള്ള സൂചിമുല്ല മൈസുരുവിൽ നിന്നാണ് എത്തിയിരുന്നത്. അവിടെ ലോക്ക്ഡൗൺ ആയതിനാൽ നിലവിൽ വരവ് കുറവാണ്. എങ്കിലും എത്തുന്നവയ്ക്ക് ആവശ്യക്കാരില്ല. വിവാഹ ചടങ്ങുകളുടെ പൊലിമ കുറഞ്ഞ നാൾ മുതൽ പൂക്കച്ചവടം ഇരുട്ടടി വാങ്ങുകയാണ്. വരണമാല്യങ്ങളിലെ ആർഭാടം കുറഞ്ഞു. തുളസിപ്പൂ മാലയായാലും മതിയെന്നായി വധൂവരൻമാരും വീട്ടുകാരും. ഉത്സവങ്ങളായിരുന്നു മറ്റൊരു പ്രധാന സീസൺ കാലം. ചെറിയൊരു ക്ഷേത്രമാണെങ്കിലും പത്തുനാൾ നീളുന്ന ഉത്സവത്തിന് മാലകൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപയുടെ പൂവിനങ്ങൾ വേണ്ടിവരും. ഉത്സവമില്ലാത്ത നാളുകളിലും പൂക്കടക്കാരുടെ വൻകിട ഉപഭോക്താക്കൾ ക്ഷേത്രം ഭാരവാഹികളാെയിരുന്നു.

# കണക്കുതെറ്റി

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ജില്ലയിൽ മുല്ലപ്പൂവ് വില കുറച്ചെങ്കിലും ഉയർന്നത്. മികച്ച വരുമാനം പ്രതീക്ഷിച്ച് വായ്പയെടുത്താണ് പലരും മൂല്ലപ്പൂ കൃഷിയിലേക്ക് കടന്നത്. കൊവിഡ് വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി. കച്ചവടക്കാരാവട്ടെ, അടഞ്ഞുകിടക്കുന്ന കടകൾക്കു പോലും പ്രതിമാസം 5000 രൂപവരെ വൈദ്യുതി ചാർജ് അടയ്ക്കേണ്ട ഗതികേടിലാണ്. കൂടാതെ, വാടകയും.

.........................................

പരിഗണിക്കുമോ?

 പൂ കച്ചവടക്കാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം

 പ്രതിസന്ധി മാറും വരെ വൈദ്യുതിനിരക്കിൽ ഇളവു വേണം

 വാടകയിൽ മാനുഷിക പരിഗണന നൽകണം

.................................

 ₹ 5,000: കൊവിഡിനു മുമ്പ് ഒരു കിലോ മുല്ലപ്പൂവിനു ലഭിച്ച റെക്കാഡ് വില

 ₹ 600: നിലവിൽ ഒരു കിലോയുടെ വില

...........................................

ഇതേപോലൊരു ദുരിതകാലം മുമ്പ് അനുഭവിച്ചിട്ടില്ല. ലക്ഷങ്ങളുടെ കച്ചവടം നടന്നിടത്ത് മനക്കണക്കായി പറയാവുന്ന കച്ചവടം മാത്രമാണ് വല്ലപ്പോഴുമെങ്കിലും നടക്കുന്നത്. 10,000 രൂപയുടെ പൂവ് എടുത്താൽ 3000 രൂപയുടേതും കേടായിരിക്കും

(വിനോദ്, പൂക്കച്ചവടക്കാരൻ, മുല്ലയ്ക്ക്ൽ)

Advertisement
Advertisement