പി.ആർ. സ്ത്രീധനം

Thursday 01 July 2021 12:35 AM IST

മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന വിസ്മയ കുളിമുറിയുടെ ജനൽക്കമ്പികളിൽ തൂങ്ങിനിന്നത് കിരൺ മാത്രമേ കണ്ടിട്ടുള്ളൂ. അത് ആത്മഹത്യയോ കൊലപാതകമോ എന്ന് സ്ഥിരീകരിക്കേണ്ടത് കിരൺവഴി മാത്രമാണ്. ആത്മഹത്യയെങ്കിൽ അതിലേക്ക് നയിച്ച മാനസികാവസ്ഥ എന്തായിരുന്നു എന്ന് വ്യക്തമാക്കേണ്ടതും ഭർത്താവായ കിരൺ തന്നെയാണ്. കൊലപാതമാണെങ്കിൽ എന്തിനത് ചെയ്തെന്ന് പറയേണ്ടതും ഈ യുവാവ് തന്നെ. അതെല്ലാം പൊലീസ് മുറപോലെ അന്വേഷിക്കും. സത്യം കണ്ടെത്തുകയോ ശിക്ഷ ഉറപ്പാക്കുകയോ യാഥാർത്ഥ്യം ചവിട്ടിമൂടുകയോ ചെയ്തേക്കാം. പക്ഷേ, വിസ്മയയുടെ വഴിയിൽ അതിനുമുമ്പേ കടന്നുപോയവരും ഇനിയും പോകാനിരിക്കുന്നവരും ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. പണത്തിനു പകരം വയ്ക്കാവുന്ന ഒരുത്പന്നമാണോ സ്ത്രീ? പണയപ്പെടുത്താവുന്ന ഒരു സ്ഥാവര വസ്തുവാണോ സ്നേഹവും കുടുംബബന്ധങ്ങളും?

പണത്തിനുമേൽ പരുന്തല്ല, ക്രയോജനിക് റോക്കറ്റ് പോലും പറക്കില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്. സ്ത്രീപുരുഷ സമത്വം കൂടുതലുള്ളതും ഇക്കാര്യത്തിലാണ്. ഉത്രയും പ്രിയങ്കയും അർച്ചനയുമെല്ലാം മരണഗഹ്വരത്തിൽ വീണുടഞ്ഞത് അവരെ വിവാഹം കഴിച്ചവരുടെയും അവരുടെ കുടുംബത്തിന്റെയും ആർത്തിയിൽപ്പെട്ടാണെന്ന് മനസിലാക്കാനാണ് എളുപ്പം. യാഥാർത്ഥ്യം അതു മാത്രമാണോ? പണത്തിനുവേണ്ടി എന്തും ചെയ്യുക എന്ന ആർത്തിയുടെ ഒരു ഭാഗം മാത്രമാണ് സ്ത്രീധനം. അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിന് ആ ഉദ്യോഗവഴിയിലും ധനചൂഷണമാർഗം തു‌റന്നുകിടപ്പുണ്ട്. സ്ത്രീ ഐശ്വര്യമാണ് എന്നായിരുന്നു നമ്മുടെ പരമ്പരാഗത സങ്കല്പം. ഐശ്വര്യം എന്നാൽ പണം മാത്രമാകുന്ന സ്ഥിതിവിശേഷമാണിന്ന്.

എങ്ങനെയും പണമുണ്ടാക്കുക, എങ്ങനെയും അറിയപ്പെടുക എന്ന നിലയിലേക്ക് മനുഷ്യചിന്ത മാറി. സ്ത്രീപുരുഷ സമത്വം ഏറ്റവും കൂടുതൽ പ്രകടമാകുന്നതും ഇക്കാര്യത്തിലാണ്. നേടിയത് സുപ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ എന്നതുപോലും ഇന്ന് പ്രശ്നമല്ല. കുപ്രസിദ്ധിക്ക് നെഗറ്റീവ് മാർക്കറ്റിംഗ് എന്നാണ് ഇവന്റ് മാനേജ്മെന്റ് നൽകുന്ന ഓമനപ്പേര്. എന്ത് കോമാളിത്തരവും തറവേലയും കാണിച്ച് പേരെടുക്കുക. മാദ്ധ്യമങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതും ഇത്തരം തറവേലകളെയാണ്. ഗർഭസ്ഥ ശിശുവിനെപ്പോലും അഭിമന്യുകുമാരനാക്കാനുള്ള തത്രപ്പാടാണ് ന്യൂജൻ മാനേജ് മെന്റുകൾ ആവിഷ്കരിക്കുന്നത്. അതിന്റെ ഉത്പന്നങ്ങളാണ് പുതിയകാലത്തെ സ്ത്രീധനപീഡനവും കൊലപാതകവും ആത്മഹത്യയുമെല്ലാം.

സ്ത്രീധനം മാത്രമല്ല, പുരുഷധനവും ഭൂമുഖത്തുണ്ട്. ഇസ്ലാമിക ആചാരപ്രകാരം മഹർ എന്നാണ് അതിനെ പറയുക. വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹർ. മഹർ സ്ത്രീകൾക്കുള്ള അവകാശമാണ്. അതിനാൽ പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതയ്ക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹർ) നൽകണമെന്ന് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുമുള്ള വിവാഹങ്ങൾ സാധുവാകുകയുമില്ല! 'അവൾക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങൾ നൽകുകയാണെങ്കിൽ നിങ്ങളവരെ വിവാഹം കഴിക്കുന്നതിൽ കുറ്റമില്ല' എന്നാണ് ഖുറാനിൽ പറയുന്നത്.

'എന്നെ അവിടെ കൊണ്ടുവരുമ്പോൾ അവിടെ എന്തോന്നുണ്ടായിരുന്നു' എന്ന് ചോദിക്കുന്ന കുടുംബിനികൾ എല്ലാ സമുദായത്തിലുമുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം. പക്ഷേ, ഖുറാനിൽ പറയുന്ന മഹർ അറിവിന്റെ മൂല്യമാണ് ഓർമ്മിപ്പിക്കുന്നത്. അത് മനസ്സിലാക്കണമെങ്കിൽ കുറേക്കൂടി ആഴത്തിലും വ്യാപ്തിയിലും ചിന്തിക്കണം. ഇരുമ്പു മോതിരം മുതൽ സ്വർണത്തിന്റെ കൂമ്പാരം വരെ മഹർ ആയി നൽകാമെന്നാണ് ഖുറാനിൽ പറയുന്നത്. സ്ത്രീകൾക്ക്‌ അവരുടെ വിവാഹമൂല്യങ്ങൾ സംതൃപ്തിയോടു കൂടി നിങ്ങൾ നൽകുക. ഇനി അതിൽനിന്ന്‌ വല്ലതും സന്മനസോടെ അവർ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂർവം സുഖമായി ഭക്ഷിച്ചുകൊള്ളുക എന്നും ഖുറാനിൽ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാനാഗ്രഹിച്ച ദരിദ്രനായ ഒരാളോട് ഒരിക്കൽ നബിതിരുമേനി പറഞ്ഞു: നിങ്ങൾ ഒരു മുണ്ടുകൊണ്ട്‌ എന്തൊക്കെ ചെയ്യും, നിങ്ങൾ അതു ധരിച്ചാൽ അവൾക്ക്‌ ഉപയോഗിക്കാൻ കഴിയില്ല. അവൾ ധരിച്ചാൽ നിങ്ങൾക്കും ഉപയോഗിക്കാൻ കഴിയില്ല. അതുകേട്ട് ഒരു മുണ്ട് മാത്രമുള്ള അയാൾ അവിടെ നിന്നെഴുന്നേറ്റു. നബി ചോദിച്ചു. നിങ്ങൾ ഖുർആൻ പഠിച്ചിട്ടുണ്ടോ? 'ഉവ്വ്.' ചില സൂറത്തുകൾ അയാൾ എണ്ണിപ്പറഞ്ഞു. 'നിങ്ങൾ പഠിച്ചുവച്ച ഖുർ - ആനെ മഹറായി പരിഗണിച്ച്‌ അവളെ നിങ്ങൾക്ക്‌ ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്റെ മനസിൽ നിന്ന്‌ അവൾക്ക്‌ ഓതിക്കൊടുക്കുക.'- എന്നായിരുന്നു നബിതിരുമേനി അപ്പോൾ അരുളിചെയ്തത്.

സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് 1961-ലെ സ്ത്രീധന നിരോധന നിയമം. 1984-ൽ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരെങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്നതോ ആയ എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. എന്നാൽ മുസ്ലിം വ്യക്തിനിയമമനുസരിച്ചുള്ള - വരൻ, വധുവിന് നൽകുന്ന വിവാഹമൂല്യം - മഹർ- ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹച്ചെലവിലേക്കു കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂ വരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല.

ഇതൊന്നും ഉൾക്കൊള്ളാതെ,​ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളും കൺസൾട്ടിംഗ് കമ്പനികളും പി.ആർ ഏജൻസികളും കോർപ്പറേറ്റുകളും ചേർന്ന് തകിടംമറിച്ച ഒരു ഭീകരത്താവളത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. സാമൂഹിക ജീവിതവും സംസ്കാരവുമെല്ലാം ഈ ഏജൻസികളുടെ വഴിക്ക് നീങ്ങുന്നതിന്റെ ചൊൽക്കാഴ്ചകളാണ് ചുറ്റും കാണുന്നത്. മക്കളുടെ വേഷത്തിലും ഭാഷയിലും ബന്ധങ്ങളിലും പി.ആർ ഏജൻസികളെ ഇടപെടുത്തുന്ന അച്ഛനമ്മമാരുടെ കാലമാണിത്. എന്തും സംഭവിക്കാം. കരുതിയിരിക്കുക, സംസ്കാരത്തെയും മാനവികതയെയും താലോലിക്കുന്നവർ. കാരണം, സംസ്കാരത്തിന്റെയും മാനവികതയുടെയും അളവഴകുകൾ തീരുമാനക്കുന്നതു പോലും പി.ആർ ഏജൻസികളാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. സമൂഹത്തിലെ ഉന്നതർ, ശ്രേഷ്ഠർ എന്നൊക്കെ നമ്മൾ കരുതുന്നവർ പോലും ഇത്തരം ഏജൻസികളുടെ കളിപ്പാവകളാണ്. ആലോചിച്ചുനോക്കൂ, പി.ആർ ഏജൻസിയുടെ കൈയിലൂടെ കടന്നുപോകുന്ന ഒരു ഗാന്ധിജിയെ. നെഹ്‌റുവിനെ, സുഭാഷ് ചന്ദ്രബോസിനെ, പി.കൃഷ്ണപിള്ളയെ, എ.കെ.ജിയെ...

1774ൽ പുറത്തിറങ്ങിയ ഗെയ്ഥേയുടെ 'വെർതറുടെ ദുഃഖങ്ങൾ' എന്ന നോവൽ വായിച്ച ആയിരക്കണക്കിന് പ്രേമനിരാശർ യൂറോപ്പിലാകെ അക്കാലത്ത് ആത്മഹത്യ ചെയ്തത് ചരിത്ര യാഥാർത്ഥ്യമാണ്. സ്ത്രീധനപീഡനം മൂലമുണ്ടാകുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പൊടിപ്പും തൊങ്ങലും വച്ച റിപ്പോർട്ടുകൾ കൂടുതൽപേരെ ആ അവസ്ഥയിലേക്ക് തള്ളിവിടുന്നതായി നിരീക്ഷിക്കുന്നുണ്ട്. അതിൽ ശരിയുമുണ്ടാവാം. പക്ഷേ,​ അതിനപ്പുറമുള്ള തിരിച്ചറിവിലേക്കാണ് സമൂഹം ഉണരേണ്ടത്. ഏതു വഴിയിലൂടെയും എന്തും നേടിയെടുക്കലല്ല ജീവിതം. പരസ്പരം അറിയുകയും തിരിച്ചറിവിന്റെ വഴി തുറന്നിടുകയുമാണ് മാനവികതയുടെ അടിസ്ഥാനം. അതിനെയാണ് സംസ്കാരം എന്നു പറയുന്നത്. അത് നഷ്ടപ്പെടുന്ന പരിതോവസ്ഥയാണ് ആത്മഹത്യയിലേക്കോ കൊലപാതകങ്ങളിലേക്കോ നയിക്കുന്നത്. അത്രയും കൂടി മനസിലാക്കാനും പി.ആർ ഏജൻസികളെ സമീപിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു.

Advertisement
Advertisement