മറക്കരുതൊരിക്കലും ആ കരസ്‌പർശം

Thursday 01 July 2021 1:33 AM IST
ഡോ.പി. എ തോമസും ഡോ. പി. രവീന്ദ്രനും

ഡോക്ടേഴ്സ് ദിനം ഇന്ന്

...............................................
മലയാളികൾക്ക് രണ്ട് പ്രഗല്ഭ ഡോക്ടർമാരുടെ വേർപാട് ഓർക്കാതിരിക്കാനാവില്ല. പ്ലാസ്റ്റിക് സർജറിക്ക് കേരളത്തിൽ തുടക്കം കുറിച്ച ഡോ.പി. എ തോമസും റെസ്‌പിറേറ്ററി മെഡിസിന് നാന്ദികുറിച്ച ഡോ. പി. രവീന്ദ്രനും തിരികെ പോയത് ഈ ലോക് ഡൗൺ കാലത്താണ്. രണ്ടുപേരും രണ്ട് സ്‌പെഷ്യാലിറ്റികൾക്ക് തുടക്കംകുറിച്ച് കേരളത്തിലെ എല്ലാമെഡിക്കൽ കോളേജുകളിലേക്കും അത് വ്യാപിപ്പിച്ചവരാണ്. നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഡോ. പി.എ തോമസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങിയത്. അക്കാലത്ത് നാഗർകോവിലിൽ ഒരു വെള്ളക്കാരൻ ഡോക്ടർ പ്ലാസ്റ്റിക്‌ സർജറി ചെയ്യുന്നതായി അറിഞ്ഞ് ഡോ. പി.എ തോമസ് അദ്ദേഹത്തെ പോയിക്കണ്ട് സർജറി കണ്ടുപഠിക്കാനുള്ള അനുവാദം വാങ്ങി. അങ്ങനെ ആഴ്ചയിൽ ഒരു ദിവസം സ്വന്തം ചെലവിൽ നാഗർകോവിൽ വരെ കാറോടിച്ച് പോയി സർജറി കണ്ടുപഠിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇംഗ്ലണ്ടിൽ പോയി പ്ലാസ്റ്റിക് സർജറി പോസ്റ്റ് ഗ്രാഡ്വേഷൻ പഠിക്കാൻ തീരുമാനിച്ചത്. അതിന് കേരള ഗവൺമെന്റ് അനുമതി കൊടുത്തു. എന്നാൽ പോയി പഠിക്കാൻ ഗവൺമെന്റ് കൊടുത്ത സാമ്പത്തികം അപര്യാപ്തമായിരുന്നു. സ്വന്തം ചെലവിൽ ഇംഗ്ലണ്ടിൽ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അവിടെയെത്തി പഠിത്തത്തോടൊപ്പം ജോലിചെയ്ത് ജീവിക്കാമെന്നു വിചാരിച്ചാണ് പോയത്. എന്നാൽ പ്ലാസ്റ്റിക് ‌സർജറി പഠിക്കാൻ ചേർന്ന ഈസ്റ്റ് ഗ്രിൻസെഡ് ആശുപത്രി ശമ്പളം കൊടുത്ത് ജോലി ചെയ്യിക്കാൻ തയ്യാറായില്ല. അധിക വരുമാനം ലഭിക്കാതെ അവിടെ ജീവിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു രോഗി വയറുവേദനയായി ആശുപത്രിയിൽ വന്നു. എന്തൊക്കെ ചെയ്തിട്ടും വയറുവേദന മാറുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ അവിടുത്തെ ഡോക്ടർമാർ വിദ്യാർത്ഥിയായ ഡോക്ടർ പി.എ തോമസിന്റെ അഭിപ്രായം തേടി. രോഗിയെ പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു; 'പ്ലീഹ (Spleen) പൊട്ടിപ്പോയതാണ് പ്രശ്നം,സർജറി ചെയ്യണം'. ഇപ്പോഴത്തെപ്പോലെ മികച്ച രോഗനിർണയ ഉപാധികളില്ലാത്ത കാലമായിരുന്നു. ഗത്യന്തരമില്ലാതെ അവർ ഡോ.പി.എ.തോമസിന്റെ അഭിപ്രായത്തിനു വഴങ്ങി രോഗിയെ ഓപ്പറേഷനു വിധേയമാക്കി. വയർ തുറന്നു നോക്കിയപ്പോൾ വേദനയുടെ കാരണം ഡോ.പി.എ തോമസ് പറഞ്ഞതായിരുന്നു. അവിടുത്തെ ഡോക്ടർമാർക്ക് അത്ഭുതമായി. അതോടെ ഡോ. പി.എ തോമസ് അവരുടെ ആരാധനാപാത്രമായി. അവർ ഡോ.തോമസിന് പഠനത്തോടൊപ്പം നല്ല ശമ്പളത്തിൽ ജോലിയും കൊടുത്തു. പഠനം കഴിഞ്ഞ് അദ്ദേഹം കേരളത്തിലെത്തി. പൊള്ളലേറ്റ രോഗികളെയായിരുന്നു ഏറെയും ചികിത്സിച്ചത്. കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
ഇതുപോലെ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഡോ. പി രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റെസ്‌പിറേറ്ററി മെഡിസിൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായിട്ടാണ് ഈ വിഭാഗം മറ്റു മെഡിക്കൽ കോളേജുകളിലേക്ക് വ്യാപിപ്പിച്ചത്.
ഡോ.പി.എ തോമസിന്റെയും ഡോ. പി.രവീന്ദ്രന്റെയും നിര്യാണത്തിൽ ആരും
അർഹമായ അഞ്ജലികൾ അർപ്പിച്ചില്ല എന്നത് വ്യഥയോടെ ഓർക്കുന്നു.

കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് തിളങ്ങുന്ന അദ്ധ്യായങ്ങൾ കൊരുത്തിട്ട ഡോ.സി.ഒ കരുണാകരൻ, ഡോ.ആർ.കേശവൻ നായർ, ഡോ.തങ്കവേലു, ഡോ.സി.എം. ഫ്രാൻസിസ്, ഡോ. സ്‌കന്ദസ്വാമി, ഡോ. കെ.എൻ പൈ, ഡോ.വി.ബാലകൃഷ്ണൻ, ഡോ.പി.കെ.ആർ വാര്യർ, ഡോ.എം.എസ്. വല്യത്താൻ, ഡോ.എം.കൃഷ്ണൻ നായർ , ഡോ. ശിവശങ്കരപ്പിള്ള തുടങ്ങി മലയാളിക്ക് മുതൽക്കൂട്ടായിരുന്ന പൂർവസൂരികളായ ഡോക്ടർമാരെ വിസ്മരിച്ചുകൂടാ. കേരള സമൂഹത്തിന് അവർ നൽകിയ സംഭാവനകൾ ആരും വിലയിരുത്തിയിട്ടില്ല. ഡോ.സി. ഒ.കരുണാകരനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. അദ്ദേഹവും ഡോ.ആർ.കേശവൻ നായരും ഇൻഡ്യയിലെ പല മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനരീതികളും ആന്തരഘടനകളും മനസിലാക്കി പ്ലാനും പ്രോജക്ടും സമർപ്പിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ഡോ.സി.ഒ കരുണാകരൻ ആദ്യ പ്രിൻസിപ്പലും ഡോ.ആർ. കേശവൻ നായർ ആദ്യ സൂപ്രണ്ടുമായി .
തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ ദീർഘവീക്ഷണമുളള ഡോ. തങ്കവേലു കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിൽ ഫോറൻസിക് മെഡിസിൻ സ്ഥാപിച്ച ഡോ.സ്‌കന്ദസ്വാമിയെയും ഫോറൻസിക് വിഭാഗത്തിൽ പോസ്റ്റു ഗ്രാഡ്വേറ്റ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഡോ. ശിവശങ്കരപ്പിള്ളയെയും മറന്നുകൂടാ. 1976 ൽ പ്രവർത്തനം തുടങ്ങിയ ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ലോകനിലവാരത്തിലെത്തിച്ച ഡോഎം.എസ്. വല്യത്താന്റെ സംഭാവനകൾ മലയാളിക്ക് മറക്കാനാവുമോ? കേരളത്തിൽ ഗാസ്‌ട്രോ എൻട്രോളജി വിഭാഗം സ്ഥാപിച്ച ഡോ.വി.ബാലകൃഷ്ണന്റെ ആത്മകഥ ഓരോ മെഡിക്കൽ വിദ്യാർത്ഥിയും വായിച്ചിരിക്കേണ്ടതാണ്. സഹാനുഭൂതി നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മകഥ ഈയിടെ ഡോ. ഉമാദത്തൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു. കേരള സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പൂർവസൂരികളായ ഡോക്ടർമാരെ അനുസ്മരിക്കുന്നത് പുതിയ തലമുറയിലെ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും മുതൽക്കൂട്ടാകും. അങ്ങനെ സമൂഹത്തിന് നന്മപ്രദാനം ചെയ്യാൻ പ്രചോദനവുമാകട്ടെ.


(ലേഖകൻ കവിയും റീജിയണൽ കാൻസർ സെന്ററിലെ ടെക്നിക്കൽ സ്റ്റാഫുമാണ്)

Advertisement
Advertisement