ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ കുന്നുകൂടി, കാത്തിരിപ്പ് നീളുന്നു

Friday 02 July 2021 12:00 AM IST

കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിന് സഡൺബ്രേക്ക് വീണതോടെ ലൈസൻസിനായുള്ള അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു. ഇതുവരെ പതിനായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മൂന്ന് മാസമായി ടെസ്റ്റ് നടക്കുന്നില്ല. കോട്ടയം ആർ.ടി ഓഫീസിൽ മാത്രം ഒരു ദിവസം 120 ലൈസൻസ് അപേക്ഷകർക്കാണ് പരീക്ഷ നടത്തിയിരുന്നത്. ലേണേഴ്‌സ് ടെസ്റ്റും, ബോധവത്കരണ ക്ലാസും പാസായി എത്തുന്നവർക്കാണ് ക്ലാസ് നടത്തിയിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ആഗസ്റ്റിലാണ് പുന:രാരംഭിച്ചത്. ഇതേ തുടർന്ന് ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ആയി കുറച്ചിരുന്നു. ഇതിനിടെയാണ് ഈ ഫെബ്രുവരിയിൽ വീണ്ടും കൊവിഡ് രണ്ടാം തരംഗം എത്തിയത്. ഇതോടെ ടെസ്റ്റുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ വർഷം ലോക്ക് ‌ഡൗൺ സമയത്ത് നൽകിയ അപേക്ഷകർക്കു പോലും ഇതുവരെയും ടെസ്റ്റ് നടത്തി ലൈസൻസ് നൽകാൻ സാധിച്ചിട്ടില്ല.

പതിനെട്ടായവർ പ്രതിസന്ധിയിൽ

വാഹനം ഓടിക്കാൻ പഠിച്ചെങ്കിലും ലൈസൻസില്ലാത്തതിനാൽ 18 ആകാൻ കാത്തിരുന്നവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. 18 വയസ് പൂർത്തിയായാൽ ലൈസൻസ് കിട്ടി ബൈക്കും കാറും പറപ്പിക്കാനാണ് പലരും കാത്തിരുന്നത്. 2020 ൽ 18 വയസ് പൂർത്തിയാക്കി അപേക്ഷ നൽകിയെങ്കിലും അപേക്ഷകരിൽ ഭൂരിഭാഗത്തിനും ഇതുവരെയും ലൈസൻസ് ലഭിച്ചിട്ടില്ല. ഇനി എന്ന് ലൈസൻസ് കിട്ടുമെന്ന കാത്തിരിപ്പിലാണ് ഇവർ.

ലൈസൻസില്ലാതെ എന്ത് ചെയ്യും

കഴിഞ്ഞ വർഷം ലൈസൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷ നൽകിയിരുന്നു. ലേണേഴ്സ് ടെസ്റ്റും എഴുതിയതാണ്. പക്ഷേ ഇതുവരെയും ടെസ്റ്റ് നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ എന്ത് ചെയ്യുമെന്ന ആശങ്കയാണ്.

അനന്തു കെ.എസ്, കാഞ്ഞിരം

വാഹനങ്ങളുടെ എണ്ണം കൂടി,​ അപേക്ഷകരും

ഡ്രൈവിംഗ് ലൈസൻസ് വിതരണമാണ് നേരിടുന്ന പ്രധാന വെല്ലുവിളി. കൊവിഡ് മാനദണ്ഡം പാലിച്ച് ലൈസൻസ് ടെസ്റ്റ് നടത്തിയാൽ എങ്ങിനെ പരിഹരിക്കാൻ സാധിക്കും എന്നറിയില്ല. കോട്ടയം ആ‌ർ.ടി. ഓഫിസിൽ മാത്രം ഒരു ദിവസം വരുന്നത് നൂറിലേറെ അപേക്ഷകളാണ്. കൊവിഡ് കാലത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകിയതോടെ അപേക്ഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ടെസ്റ്റ് പുനരാരംഭിച്ചാലും നിലവിൽ ബുക്കിംഗ് സ്ലോട്ട് കിട്ടിയവർക്കായിരിക്കും പ്രഥമ പരിഗണന. ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് ടെസ്റ്റ് തുടങ്ങിയാലും വീണ്ടും കാത്തിരക്കേണ്ടിവന്നേക്കാം.രോഗവ്യാപനം കുറഞ്ഞ് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചാലും ഈ വർഷം അവസാനത്തോടെ മാത്രമേ പലർക്കും ലൈസൻസ് ലഭിക്കുകയുള്ളൂവെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ പറയുന്നത്.

Advertisement
Advertisement