ആ നിഷേധിയുടെ ഒാർമ്മകൾക്ക് ഇന്ന് പതിനേഴിന്റെ തിളക്കം

Friday 02 July 2021 12:29 AM IST
ചിത്രം-പൊന്‍കുന്നം വര്‍ക്കി.

പൊൻകുന്നം : ഇന്നലെയായിരുന്നു ജന്മദിനം. ഇന്ന് ചരമദിനവും. ഇതിഹാസനായകന്റെ ഓർമ്മദിനങ്ങൾ ഇടവേളയില്ലാതെ കടന്നുവരുമ്പോൾ ആ ജീവിതംപോലെതന്നെ അതും ഒരു അത്ഭുതമായി മാറുന്നു. മലയാളത്തിന്റെ നിഷേധിയായ കഥാകാരൻ പൊൻകുന്നം വർക്കിയുടെ ഓർമ്മകൾക്ക് ഇന്ന് 17 ന്റെ തിളക്കം. 1911ൽ ആലപ്പുഴ ജില്ലയിലെ എടത്വായിലായിരുന്നു വർക്കിയുടെ ജനനം. അച്ഛന്റെ മരണശേഷം അമ്മയുടെ നാടായ പൊൻകുന്നത്തെത്തി. ദാരിദ്ര്യത്തോട് പടവെട്ടിയുള്ള ജീവിതം. അനാചാരങ്ങൾക്കെതിരായ പോരാട്ടം ആദ്യം തുടങ്ങുന്നത് പള്ളിക്കും പട്ടക്കാർക്കും നേരെയായിരുന്നു. പൊൻകുന്നത്ത് പഠിച്ച സ്‌കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ജോലി രാജിവച്ചു. പിന്നീടുള്ള ജീവിതം ത്യാഗപൂർണ്ണമായിരുന്നു. തിരുവിതാംകൂർ ദിവാൻഭരണത്തെ എതിർത്ത് സമരരംഗത്ത്. കഥകളെഴുതിയതിന്റെ പേരിൽ കൈവിലങ്ങ്,മാപ്പ് പറയുന്നോ ജെയിലിൽപോകുന്നോ എന്ന ചോദ്യത്തിന് ജെയിൽമതി എന്ന് മറുപടി. അതായിരുന്നു പൊൻകുന്നം വർക്കി. തിരുമുൽക്കാഴ്ച എന്ന ഗദ്യകവിതയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ശബ്ദിക്കുന്ന കലപ്പ,മോഡൽ,അന്തോണീ നീയും അച്ചനായോടാ തുടങ്ങി അമ്പതോളം കൃതികൾ എഴുതി. ഏറെക്കാലം സിനിമാരംഗത്തും പ്രവർത്തിച്ചു. 2004 ജൂലായ് 1 ന് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പാമ്പാടിയിലെ വീട്ടിലെത്തി ആദരിച്ചു. പിറ്റേന്നായിരുന്നു വർക്കിയുടെ മരണം.

Advertisement
Advertisement