കൈക്കൂലി വാങ്ങുന്നതിനിടെ പട്ടുവം വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Thursday 01 July 2021 9:00 PM IST
കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് ഓഫീസർ ജസ്റ്റസിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിക്കുന്നു

പട്ടുവം: ബന്ധുത്വ സർട്ടിഫിക്കറ്ര് അപേക്ഷകനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പട്ടുവം വില്ലേജ് ഓഫീസർ കൊല്ലം സ്വദേശി മരിയാലയം കച്ചേരി ജസ്റ്റസ് ബെഞ്ചമിനെ (47) ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ വിലിജൻസ് സംഘം പിടികൂടി. അരിയിലെ ടി. പ്രകാശന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഏപ്രിൽ 18നാണ് പ്രകാശൻ പട്ടുവം വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെത്തുന്നത്. എന്നാൽ 5000 രൂപ നല്കിയാലേ സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു വില്ലേജ് ഓഫീസറെന്നാണ് പരാതി.
മുംബയിൽ ജോലി ചെയ്യുകയായിരുന്ന പ്രകാശൻ കൊവിഡ് കാരണം ഒരു വർഷമായി നാട്ടിലാണ്. ജോലിയില്ലാത്തതിനാൽ പണം നല്കാൻ ഇല്ലെന്ന് പ്രകാശൻ അറിയിക്കുകയായിരുന്നു. പിന്നീടും പലതവണ വില്ലേജ് ഓഫീസിലെത്തിയെങ്കിലും പണം ആവശ്യപ്പെട്ട് മടക്കുകയായിരുന്നു. ഒടുവിൽ വിലപേശലും നടത്തി 2000 രൂപയുമായി വന്നാൽ സർട്ടിഫിക്കറ്റ് നല്കാമെന്ന് ജസ്റ്റസ് അറിയിച്ചു.

ഇതിനിടെ വിവരം പ്രകാശൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നിർദ്ദേശ പ്രകാരം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പ്രകാശൻ വില്ലേജ് ഓഫീസറെ കണ്ട് തുക കൈമാറുമ്പോഴാണ് വിജിലൻസ് സംഘം പിടികൂടിയത്. ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകരായ ബിനു, രാജു എന്നിവർ സാക്ഷികളായി. വിജിലൻസ് സി.ഐമാരായ ടി.പി സുമേഷ്, എ.വി ദിനേശൻ, പ്രമോദ്, പ്രദീപൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement