കൊവിഷീൽഡ് എടുത്തവർക്ക് യൂറോപ്പിൽ നേരിട്ട് പ്രവേശിക്കാം

Thursday 01 July 2021 11:06 PM IST

ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക്

ജർമ്മനി, സ്ളോവേനിയ, ഗ്രീസ്, ആസ്ട്രിയ, ഐസ്‌ലൻഡ്, അയർലൻഡ്, സ്പെയിൻ, എസ്തോണിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ക്വാറന്റൈൻ കൂടാതെ പ്രവേശിക്കാം.

ഫൈസർ, മൊഡേണ, വാക്സ്‌സെർവ്റിയ, ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസൻ വാക്സിനുകൾക്കൊപ്പം കൊവിഷീൽഡിനും യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇ.എം.എ) അംഗീകാരം നൽകിയതോടെയാണിത്. അംഗീകാരം ഇല്ലാത്തതിനാൽ കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു.

ഇനി മുതൽ കൊവിൻ പോർട്ടലിൽ നിന്ന് ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ച് യാത്രാഅനുമതി തേടാം. ഇന്ത്യയിൽ അംഗീകാരമുള്ള ഏത് വാക്സിനായാലും യാത്രാ അനുമതി നൽകുമെന്ന് എസ്തോണിയ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ എടുത്തവരെ പ്രവേശിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് സ്വയം തീരുമാനമെടുക്കാം.

ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ യൂറോപ്പിൽ നിന്ന് വാക്സിൻ എടുത്ത് ഇവിടെ വരുന്നവർക്കും ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് കേന്ദ്രസർക്കാർ യൂറോപ്യൻ യൂണിയനെ അറിയിച്ചിരുന്നു.

Advertisement
Advertisement