രാമന് മുന്നിൽ ദുർനിമിത്തങ്ങൾ

Friday 02 July 2021 12:27 PM IST

സീതാദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായി ശ്രീരാമൻ മായാമൃഗത്തിന്റെ പിന്നാലെ വളരെനേരം അലഞ്ഞു. അതിനെ ജീവനോടെ പിടിക്കുക അസാദ്ധ്യമെന്ന് മനസിലായപ്പോൾ അതിനെ നിഗ്രഹിച്ചു. മായയാണ് പൊന്മാനായി വന്നതെന്നും അത് സീതയേയും തന്നെയും കബളിപ്പിച്ചതാണെന്നും തിരിച്ചറിഞ്ഞു. അതോടെ സീതാദേവിയുടെ സമീപമെത്താൻ വെമ്പലായി. അതിവേഗത്തിൽ ആശ്രമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഈ സമയത്ത് പിൻഭാഗത്ത് ഒരു കുറുക്കന്റെ ഓരിയിടൽ കേട്ടു. ഭയജനകമായ ദാരുണസ്വരം. അത് ദുർനിമിത്തമല്ലേ? ശ്രീരാമൻ പലരീതിയിൽ ചിന്തിച്ചു.

കുറുക്കന്റെ ഓരിയിടൽ അശുഭസൂചനകളാണ്. സീതാദേവി ആശ്രമത്തിൽ സ്വൈരമായി ഇരിക്കുകയാകും. മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസന്മാർ ചുറ്റിലുമുണ്ട്. അവ‌ ദേവിയെ ഉപദ്രവിച്ചിരിക്കുമോ? ദുഷ്‌ടന്മാരായ നിശാചരന്മാർ ദേവിയെ നിഗ്രഹിച്ചിരിക്കുമോ? ദുഷ്‌ടന്മാരായ നിശാചരന്മാർ ദേവിയെ നിഗ്രഹിച്ചിരിക്കുമോ? പൊൻമാൻ വേഷത്തിൽ വന്ന മാരീചൻ എന്റെ ശബ്‌ദത്തിലാണ് ലക്ഷ്‌മണനെ വിളിച്ചുകരഞ്ഞത്. ആ വിലാപം കേട്ടാൽ ലക്ഷ്‌മണ ചിത്തം ഇളകാതിരിക്കുമോ? മാത്രമല്ല സീതാദേവി എന്നെ അന്വേഷിക്കാനായി അവനെ പറഞ്ഞുവിടാനും സാദ്ധ്യതയുണ്ട്.

ദുഷ്‌ടാത്മാക്കളായ രാക്ഷസപ്പരിക്ഷകൾ കൂടിയാലോചിച്ച് സീതയെ നിഗ്രഹിക്കാനുള്ള വഴി കണ്ടുപിടിച്ചിരിക്കുമോ? അതാകാം മാനിന്റെ വേഷത്തിൽ ചതിമാർഗത്തിലൂടെ മാരീചൻ വന്നത്. അവന്റെ മായാപ്രയോഗം മനസിലാക്കാതെ ഞാൻ അതിന്റെ പിന്നാലെ പോയി. എന്നെ സീതയിൽ നിന്നകറ്റി എന്റെ ശരമേറ്റപ്പോൾ മാരീചൻ വിളിച്ചത് ഹാ ലക്ഷ്‌മണാ രാക്ഷസന്മാരിതാ എന്നെ നിഗ്രഹിക്കുന്നു എന്നായിരുന്നല്ലോ. അതും എന്റെ ശബ്ദത്തിൽ. എല്ലാം ചേ‌‌ർത്ത് വായിക്കുമ്പോൾ എന്തോ അശുഭ സൂചനകളാണ്. എന്നെ പിരിഞ്ഞ് ആശ്രമത്തിലിരിക്കുന്ന സീതയ്‌ക്ക് സ്വസ്‌തിയില്ലേ? ജനസ്ഥാനവാസിയായ എന്നോട് രാക്ഷസന്മാർക്ക് തീരാപ്പകയുണ്ട്. നിരവധി ദുർനിമിത്തങ്ങൾ എന്നെ പിന്തുടരുന്നു,

മായപ്പൊന്മാനിനെ വധിച്ച് ആശ്രമത്തിലേക്ക് മടങ്ങുന്ന ശ്രീരാമന്രെ മനസിൽ പലതരം അസുഖചിന്തകളായിരുന്നു. പക്ഷികളും മൃഗങ്ങളും ദാരുണമായ ശബ്‌ദങ്ങൾ പുറപ്പെടുവിച്ചു. ദുർനിമിത്തങ്ങളുടെ പരമ്പര കണ്ടും കേട്ടും ആശ്രമത്തിലേക്കുള്ള മടക്കം ശ്രീരാമൻ ഒന്നുകൂടി വേഗത്തിലാക്കി.

ആശ്രമത്തിൽ മായപ്പൊന്മാനുമായി വരുന്ന തന്നെയും കാത്തിരിക്കുകയാവും സീതാദേവി. അവൾക്ക് കാവലായി ലക്ഷ്‌മണകുമാരനും, ഇരുവരെയും പറ്റിയായിരുന്നു ശ്രീരാമന്റെ ചിന്തകൾ. ആശ്രമത്തിന്റെ പരിസരത്തെത്തിയപ്പോൾ ലക്ഷ്‌മണൻ നടന്നുവരുന്നതു കണ്ടു. വിളറി വെളുത്ത മുഖമാണല്ലോ. അസ്വസ്ഥചിത്തനായി ശ്രീരാമൻ ചിന്താക്ലേശം ഗ്രസിച്ചവന്റെ അടുത്തേക്കെന്നപോലെ അനുജനെ സമീപിച്ചു. ഘോരമായ കാട്ടിൽ രാക്ഷസന്മാർ വിഹരിക്കുന്ന സ്ഥലത്ത് സീതാദേവിയെ ഒറ്റയ്‌ക്കാക്കിയിട്ട് പോയ അനുജനെ ആദ്യം ശകാരിച്ചു. പിന്നെ സ്നേഹപൂർവം അനുജനെ അടുപ്പിച്ചുകൊണ്ട് മൃദുലമായി തലോടി. തുടർന്ന് വാത്സല്യത്തോടെ ഇപ്രകാരം പറഞ്ഞു, ലക്ഷ്‌മണാ നീ കാട്ടിയത് ശരിയായില്ല. സീതയെ എന്തിന് ഒറ്റയ്‌ക്കാക്കി. വീണ്ടുവിചാരമില്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ആളല്ലല്ലോ നീ. സീതയെ ആരോ അപഹരിച്ചതായി സംശയം തോന്നുന്നു. അവൾ രാക്ഷസന്മാരുടെ ഭക്ഷണമായിരിക്കുമോ എന്ന് ഭയപ്പെടുന്നു. നിരവധി അശുഭലക്ഷണങ്ങൾ ഞാൻ കാണുന്നു. ജീവനോടെ സീതാദേവിയെ ഇനി കിട്ടുമോ? നീ ചെയ്‌ത അവിവേകത്തിന്റെ ആഴം തിരിച്ചറിഞ്ഞോ, പക്ഷികളും മൃഗങ്ങളും സൂര്യനെനോക്കി ആർത്തനാദം പുറപ്പെടുവിക്കുന്നു. സീതാദേവിക്ക് സുഖമല്ലേ അനുജാ. മായാമൃഗം എന്നെ ചതിച്ചു, ഞാൻ അതിനെ പിന്തുടരുന്നു. കൈയോടെ പിടികൂടാൻ പറ്റില്ലെന്ന് വന്നപ്പോഴാണ് ഞാൻ അതിനെ വധിച്ചത്. എന്റെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നു. ഇടം കണ്ണം തുടിക്കുന്നു. പ്രിയസോദരാ സീത ഇപ്പോൾ ആശ്രമത്തിലില്ലെന്ന് മനസ് പറയുന്നു. അവൾ ജീവനോടെയുണ്ടോ? ആരെങ്കിലും അവളെ അപഹരിച്ചോ? വഴിയിലെവിടെയെങ്കിലും അവൾ അനാഥയായി നിൽക്കുന്നുണ്ടാകുമോ? ശ്രീരാമന്റെ മനസ് പലതരം ആശങ്കകൾ കൊണ്ട് നിറഞ്ഞു.

മായക്കാഴ്‌ചകളും ഭ്രമങ്ങളും ജീവിതത്തിലുടനീളം കബളിപ്പിക്കാനെത്തും. അതിനെ അതിജീവിക്കാനായില്ലെങ്കിൽ ദുരിതങ്ങളായിരിക്കും കടന്നുവരിക. പിന്നീട് പശ്ചാത്തപിച്ചിട്ടോ ദുഃഖിച്ചിട്ടോ കാര്യമില്ല താനും.

(ഫോൺ: 9946108220)

Advertisement
Advertisement