പെൺവാണിഭ കേന്ദ്രത്തിലെ വധശ്രമം: കാമറയും ഫോണും തേടി പൊലീസ്

Saturday 03 July 2021 12:00 AM IST

കോട്ടയം: നഗരമദ്ധ്യത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ക്വട്ടേഷന് പിന്നിലുള്ളതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും, ഇതിനു പിന്നിലുള്ള ഹണിട്രാപ്പ് സംബന്ധിച്ച് വ്യക്തതയില്ല. കഴിഞ്ഞ ദിവസം രണ്ടു പ്രതികൾ അറസ്റ്റിലായെങ്കിലും പ്രധാന ഗൂഢാലോചനക്കാരെ പിടികൂടിയിട്ടില്ല.

അക്രമം നടന്ന വീട്ടിൽ ഷൂട്ടിംഗിനു തയ്യാറാക്കിയ നിലയിൽ കാമറയുടെ ട്രൈപ്പോഡുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ കാമറ ഇല്ലായിരുന്നു. അക്രമത്തിനിടെ കാമറ കൊണ്ടു പോയത് ഹണിട്രാപ്പിൽ കുടുങ്ങിയവരാരെങ്കിലുമാണോ എന്ന സംശയത്തിലാണ് പൊലീസ്. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി ഫോൺ കോൾ എത്തിയത് കൊട്ടാരക്കരയിൽ നിന്നാണ്. ഫോൺ വിളിച്ചയാളെ കണ്ടെത്തേണ്ടതുണ്ട്.

കെണിയിൽ കൂടുതൽ യുവതികൾ

സോഷ്യൽ മീഡിയ വഴിയാണ് പെൺവാണിഭ സംഘം ഇടപാടുകൾ നടത്തിയിരുന്നത്. രാത്രിയിൽ ഇവരുടെ ഇന്നോവയിൽ ഇടപാടുകാരനെ കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് ഇയാളിൽ നിന്ന് പണം ഇടാക്കി സ്ത്രീകളെ നൽകുകയാണ് രീതി. സംഭവത്തിൽ ഉൾപ്പെട്ട യുവതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺവാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാരിയായ പൊൻകുന്നംകാരിയുടെ മൊബൈലും വാട്‌സ്ആപ്പും കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് ശ്രുതി എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Advertisement
Advertisement