ഉഷ്ണ തരംഗത്തിനൊപ്പം കാട്ടു തീയും, ദുരിതക്കയത്തിൽ കാനഡ

Saturday 03 July 2021 12:00 AM IST

ഒട്ടാവ: കനത്ത ചൂടും ഉഷ്ണ തരംഗവും മൂലം വലയുന്ന കാനഡയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കാട്ടു തീയും പടർന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്ത് കാട്ടുതീ പടർന്ന് പിടിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് കാട്ടു തീ നിയന്ത്രണാധീതമായി പടർന്ന് പിടിക്കുന്നതിനാൽ ജനവാസ മേഖലകളിൽ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു. തടാകങ്ങളുടെ നാടായി അറിയപ്പെടുന്ന കാനഡ ഇപ്പോള്‍ വെന്തുരുകുകയാണ്. അനിയന്ത്രിതമായി അന്തരീക്ഷ താപനില വര്‍ധിക്കുന്ന ഉഷ്ണതരംഗമെന്ന പ്രതിഭാസത്തിൽ ഇതിനോടകം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മേഖലയില്‍ മാത്രം അഞ്ച് ദിവസത്തിനിടെ 500ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.

കാനഡയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് കൂടുതലായും കാട്ടു തീ അതിവേഗത്തിൽ പടർന്ന് പിടിക്കുന്നത്. നൂറുകണക്കിനാളുകളാണ് നാട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതെന്നാണ് റിപ്പോർട്ടുകൾ. തീ പടർന്ന് പിടിക്കുന്നതിനെ തുടർന്ന് വാന്‍കൊവറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ലിറ്റണ്‍ ഗ്രാമത്തിലെ ജനങ്ങളെ ബുധനാഴ്ച രാത്രി ഒഴിപ്പിച്ചു. ഈ ഗ്രാമത്തിന്റെ 90 ശതമാനവും കാട്ടു തീയ്ക്ക് ഇരയായതാണെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ എല്ലാ പ്രദേശങ്ങളും വലിയ അപകട ഭീതിയിലൂടെയാണ് കടന്നു പോകുന്നതെന്ന് അധികൃതർ അറിയിച്ചു. കാട്ടു തീയിൽ ഇതുവരെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 49.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന താപനില. അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് റെക്കാഡ് താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് കൊളംബിയക്ക് പുറമേ കാനഡയിലെ മറ്റ് മേഖലകളായ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്-പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണ തരംഗം ശക്തമാണ്. ഒറിഗനില്‍ അറുപതിലേറെപ്പേറും വാഷിംഗ്ടണിൽ 20 പേരും ഇതുവരെ ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement