പരാതികൾ ക്ളീനാക്കി മുന്നേറി പൊലീസ്

Saturday 03 July 2021 3:00 AM IST

തിരുവനന്തപുരം: തമ്പാനൂർ പൊലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. പരാതികൾ ഫൈലിൽ ഒതുക്കാതെ പരിഹാരം കണ്ടതിന്റെ അംഗീകാരമാണ് 2020ലെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തമ്പാനൂർ പൊലീസ് സ്റ്റേഷനെ തേടിയെത്തിയത്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലടക്കം കഴിഞ്ഞവർഷം വിവിധ മേഖലകളിൽ തമ്പാനൂർ പൊലീസ് നടത്തിയ പ്രകടനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ വർഷത്തിലാണ് ഇത് സമയബന്ധിതമായി തീർപ്പാക്കി തമ്പാനൂർ സ്റ്റേഷൻ മുന്നേറിയത്. സ്റ്റേഷൻ മാനേജ്മെന്റ്, പൊതുജനങ്ങളോടുള്ള സമീപനം, ക്രൈം കേസുകളിലെ അന്വേഷണവും കുറ്റകൃത്യം തെളിയിക്കലും, ജനമൈത്രി പൊലീസിംഗ്, ഓൺലൈൻ സംവിധാനങ്ങളിലെ മികവ്, ലഹരിക്കെതിരെയുള്ള അന്വേഷണം, ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, കൊവിഡ് കാല പ്രവർത്തനങ്ങൾ തുടങ്ങിയ പ്രധാനഘടകങ്ങളിലെ മികവാണ് സ്റ്റേഷനെ അവാർഡിന് അർഹമാക്കിയത്. ഒരു വർഷം മുമ്പ് നഗരത്തിൽ ഏറ്റവും സ്ഥലപരിമിതിയുള്ള സ്റ്റേഷനുകളിൽ ഒന്നായിരുന്നു തമ്പാനൂർ സ്റ്റേഷൻ. തുടർന്ന് കഴിഞ്ഞ വർഷം രണ്ട് കോടി രൂപ ചെലവിൽ പണിത നാല് നിലയുള്ള കെട്ടിടത്തിലേക്ക് മാറി. 2020ൽ 2,​261 കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 2257 കേസുകളും സ്റ്റേഷനിൽ തീർപ്പാക്കിയിരുന്നു. നാലെണ്ണം മാത്രമായിരുന്നു ബാക്കി അത് തുടർ മാസങ്ങളിലും തീർപ്പാക്കി. എസ്.എച്ച്.ഒ ഉൾപ്പെടെ 68 പേരാണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിലുള്ളത്. ഇതിൽ പത്തുപേർ വനിതകളാണ്. മൂന്ന് സബ് ഇൻസ്പെക്ടർമാരും സ്റ്റേഷനിലുണ്ട്. സ്ത്രീകളുടെ പരാതികൾക്കും ഇവിടെ പ്രത്യേകം വിഭാഗമുണ്ട്. കഴിഞ്ഞ വർഷം തമ്പാനൂർ സ്റ്റേഷനെതിരെ പരാതികളൊന്നും മേലുദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നതും മികവാണ്. കഴിഞ്ഞ വർഷം ബൈജുവും നിലവിൽ വൈ. മുഹമ്മദ് ഷാഫിയുമാണ് സ്റ്റേഷൻ എസ്.എച്ച്.ഒ. 2019ൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷൻ എന്ന ബഹുമതി തമ്പാനൂർ സ്റ്റേഷന് ലഭിച്ചിരുന്നു. കേസുകളിൽ സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗിച്ചത് തമ്പാനൂർ സ്റ്റേഷനാണ്. പല കേസുകളും തെളിയിച്ചത് ഇത്തരം ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ സഹായത്തോടെയാണ്. പൊതുജനങ്ങൾക്ക് വേണ്ടി സ്റ്റേഷന് മുന്നിൽ ഒരു ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിപാലനത്തിനും ഹരിത സ്റ്റേഷൻ എന്നതിനും ഒട്ടേറത്തവണ തമ്പാനൂ‌ർ പൊലീസ് സ്റ്റേഷന് അഭിനന്ദനം ലഭിച്ചിട്ടുണ്ട്.

തമ്പാനൂർ സ്റ്റേഷൻ


1971ൽ ആരംഭിച്ച തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പൊലീസ് സ്റ്റേഷൻ നഗരസഭയുടെ 8 വാർഡുകളും തൈക്കാട്, വഞ്ചിയൂർ വില്ലേജ് പരിധിയും അടങ്ങിയതാണ്.15 സർക്കാർ സ്ഥാപനങ്ങളും 16 ആരാധനാലയങ്ങളും കിള്ളിയാറിന്റെ ഭാഗവും കടന്ന് പോകുന്നതാണ് തമ്പാനൂർ സ്റ്റേഷൻപരിധി.

കൂട്ടായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്. ജനങ്ങൾ നീതി ലഭിക്കുവാൻ എത്തുമ്പോൾ അത് ചെയ്യേണ്ട കടമയാണ് ഞങ്ങളുടേത്. ഇതിലും മികച്ചതാക്കാൻ ശ്രമിക്കും

വൈ. മുഹമ്മദ് ഷാഫി,​ എസ്.എച്ച്.ഒ തമ്പാനൂർ

Advertisement
Advertisement