ബഹിരാകാശ യാത്ര നടത്താൻ മത്സരിച്ച് കോടീശ്വരന്മാർ

Saturday 03 July 2021 4:07 AM IST

വാഷിംഗ്ടൺ: ലോകത്തെ സമ്പന്നരായ വ്യവസായികൾ ബഹിരാകാശത്തേക്ക്​ പറക്കാനൊരുങ്ങുമ്പോൾ ആദ്യം പോകാൻ മത്സരിച്ച് പ്രമുഖർ. ആമസോൺ കമ്പനി ഉടമ ജെഫ്​ ബെസോസ്​ ജൂലായിൽ ബഹിരാകാശ യാത്ര നടത്തുമെന്ന്​ പ്രഖ്യാപിക്കുകയും തന്റെ കൂടെ പോരാൻ താത്പര്യമുള്ളവർക്കായി ടിക്കറ്റ്​ വിൽപനയും നടത്താൻ തീരുമാനിച്ചിരുന്നു. യാത്രയ്ക്കായി കോടികൾ മുടക്കി ടിക്കറ്റുകൾ ആരൊക്കെയോ വാങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ബെസോസിനെ കടത്തി വെട്ടി അതിന് മുൻപ് തന്നെ താൻ ബഹിരാകാശത്തെത്തുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്​ ഇംഗ്ലീഷ്​ വ്യവസായിയും വിർജിൻ ഗാലക്​റ്റിക്​ ഉടമയുമായ റിച്ചാർഡ്​ ബ്രാൻസൺ.

വിർജിൻ ഗാലക്​റ്റിക്​ നിർമിച്ച വി.എസ്​.എസ്​ യൂനിറ്റി ബഹിരാകാശ പേടകത്തിൽ ബ്രാൻസൻ ജൂലായ് 11 ന് യാത്ര തിരിക്കുമെന്നാണ് വിവരം. സംഭവം യാതാർത്ഥ്യമായാൽ സ്വകാര്യമേഖലയിലെ ആദ്യ ബഹിരാകാശ വാഹനമെന്ന ബഹുമതി ബ്രാൻസന്റെ വി.എസ്​.എസ്​ യൂനിറ്റിക്ക് സ്വന്തമാകും. എന്നാൽ വെറും 11 സെക്കറ്റ് മാത്രം നീണ്ടു നില്ക്കുന്നതാകും ബ്രാൻസന്റെ ബഹിരാകാശ യാത്ര. രണ്ട്​ പൈലറ്റുമാർ, നാല്​ വിദഗ്​ധർ എന്നിവരും പേടകത്തിൽ ബ്രാൻസണൊപ്പമുണ്ടാകും.

ഓൺലൈൻ വിൽപന രംഗത്തെ പ്രമുഖ സ്ഥാപനമായ ആമസോണിനു കീഴിൽ 'ബ്ലൂ ഒറിജിൻ' പേടകത്തിലേറിയാകും ബെസോസിന്റെ യാത്ര. ​ സഹോദരൻ മാർക്​, വനിത പൈലറ്റ്​ വാലി ഫങ്ക്​ എന്നിവരും ഒപ്പം പേരുവെളിപ്പെടുത്താത്ത യാത്രികനുമൊപ്പം ജൂലായ് 20 ന് ബഹിരാകാശത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

ബഹിരാകാശ പേടക നിർമാണത്തിൽ മുൻനിരയിലുള്ള അമേരിക്കൻ വ്യവസായി ഇലോൺ മസ്​കും ഈ രംഗത്ത്​ സജീവമായുണ്ട്​. ബഹിരാകാശ വിനോദ സഞ്ചാരം ജനങ്ങൾ ഏറ്റെടുത്താൽ അതിവേഗം ഇത്​ കോടിക്കണക്കിന് ഡോളർ ലാഭം കൊയ്യാൻ കഴിയുന്ന വ്യവസായമായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Advertisement
Advertisement