തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് ആറുമാസം, കുരുക്ക് മുറുകി കയർമേഖല

Sunday 04 July 2021 12:26 AM IST

വൈക്കം : കൊവിഡും ലോക്ക് ഡൗണും കയർവ്യവസായത്തെ പിന്നോട്ടടിക്കുന്നു. കൃത്യമായി കൂലി ലഭിച്ചിട്ട് ആറുമാസമായതോടെ നിരവധി തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. വൈക്കം മേഖലയിൽ ഭൂരിഭാഗം തൊഴിലാളികളും കയർസഹകരണ സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. സംഘങ്ങളിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്ന് ചകിരി എത്തുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് വിതരണം ചെയ്യുകയും, പിരിച്ചതിന് ശേഷം തൊഴിലാളികൾ കയർ തിരിച്ച് സഹകരണ സംഘങ്ങളിൽ ഏൽപ്പിച്ച് പണം കൈപ്പറ്റുകയും ചെയ്യും. സംഘങ്ങളിൽ ലഭിക്കുന്ന ചകിരി അലി മില്ലിൽ അലിയിച്ച്, തൊഴിലാളികൾക്ക് വിതരണം ചെയ്യും. വാഹന ഗതാഗത തടസം മൂലം പൊള്ളാച്ചി, കമ്പം മാർക്കറ്റുകളിൽ നിന്ന് ചകിരി എത്താതിരുന്നതും, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്ന കാലം മുതൽ തൊഴിലാളികൾ പിരിക്കുന്ന കയർ, സഹകരണ സംഘങ്ങൾ വഴി കയർ ഫെഡ് ഏറ്റെടുക്കാൻ കാലതാമസം നേരിടുന്നതുമാണ് കൂലി വൈകാൻ ഇടയാക്കുന്നത്.

കയർ കെട്ടിക്കിടക്കുന്നു

ഓരോ കിലോ കയർ ഉത്പാദിപ്പിക്കുമ്പോഴും സംഘങ്ങൾക്ക് പതിനഞ്ച് രൂപ നഷ്ടം വരുന്നു. സഹകരണ സംഘങ്ങളിൽ കയർ കെട്ടിക്കിടക്കുകയാണ്. കയർ പിരി തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ക്ഷേമനിധി അംഗങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. കയർ ഫെഡിലേക്ക് കൃത്യമായി സംഭരണം നടന്നാൽ മാത്രമേ കയർ തൊഴിലാളികൾക്ക് സഹകരണ സംഘങ്ങളിൽ നിന്ന് പിരിച്ച കയറിന്റെ കൂലി ലഭിക്കൂ. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചതിനാൽ സഹകരണ സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന കയർ എത്രയും വേഗം സംഭരിച്ച് തൊഴിലാളികൾക്ക് കൂലി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലിയായ 700 രൂപ കയർ പിരി തൊഴിലാളികൾക്കും ബാധകമാക്കണം. സംഘങ്ങൾക്ക് കുടിശികയായ പ്രവത്തനമൂലധന ഗ്രാന്റ്,ജി.എസ്.പി എന്നിവ ഉടൻ അനുവദിക്കണം. കയർ ഫെഡ് മുഴുവൻ കയറും സംഭരിക്കാനും വില കൊടുക്കാനും തയ്യാറാകണം.

യു.ബേബി, കയർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്

അടിയന്തിര നടപടി സ്വീകരിക്കണം

കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയൻ (എഐടിയുസി) ആവശ്യപ്പെട്ടു. വൈക്കത്തെ കയർ മേഖലയിൽ പണിയെടുക്കുന്ന പതിനയ്യായിരത്തോളം വരുന്ന കയർ തൊഴിലാളികൾ തൊഴിലും കൂലിയും ലഭിക്കാതെ നട്ടംതിരിയുകയാണ്. എല്ലാ കയർ തൊഴിലാളികൾക്കും 5000 രൂപ അടിയന്തിര സഹായം നൽകണം.

Advertisement
Advertisement