റാഫേൽ ഇടപാടിൽ അഴിമതി,​ അന്വേഷണം ജെ.പി.സിക്ക് വിടണമെന്ന് കോൺഗ്രസ്

Sunday 04 July 2021 12:05 AM IST

ന്യൂഡൽഹി: റാഫേൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ഫ്രഞ്ച് പബ്ളിക് പ്രോസിക്യൂഷൻ സർവീസ് ഉത്തരവിട്ട പശ്ചാത്തലത്തിൽ വിഷയം ഇന്ത്യയിൽ സംയുക്ത പാർലമെന്റി സമിതിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

59,000 കോടിക്ക് 36 വിമാനങ്ങൾ കൈമാറാനുള്ള കരാറിൽ അഴിമതിയും സ്വാധീനമുപയോഗിച്ചുള്ള ഇടപെടലും നടന്നെന്ന് ഫ്രാൻസിലെ അഴിമതിവിരുദ്ധ സന്നദ്ധ സംഘടന ഷെർപ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജൂൺ 14നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു.

ഇടപാടിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാൻഡേ, ഇപ്പോഴത്തെ പ്രസിഡന്റും മുൻ ധനമന്ത്രിയുമായ ഇമ്മാനുവൽ മാക്രോൺ, നിലവിൽ വിദേശകാര്യ മന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ ജീൻ വെസ് ലി ഡ്രിയാൻ തുടങ്ങിയവരുടെയും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും പങ്കും അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഇടപാടുമായി ബന്ധപ്പെട്ട് റഫേൽ നിർമ്മാണ കമ്പനിയായ ദസോയുടെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാർശ ചെയ്തെന്ന വിവരം ഫ്രഞ്ച് വാർത്താ വെബ്സൈറ്റായ മീഡിയാപാർട്ട് പുറത്തുവിട്ടെന്നും സുർജെവാല പറഞ്ഞു. സംയുക്ത കമ്പനിയിൽ റിലയൻസിന് 51ശതമാനം പങ്കാളിത്തമാണ് പറഞ്ഞിരുന്നെങ്കിലും 94ശതമാനം നിക്ഷേപവും ദസോയുടേതാണ്. ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ ഒരുക്കലും കേന്ദ്രസർക്കാരിനായി മാർക്കറ്റിംഗ് ജോലി ചെയ്യലുമാണ് റിലയൻസിന്റെ ദൗത്യമായി സമ്മതപത്രത്തിൽ പറയുന്നത്. റിലയൻസിനെ ഉൾപ്പെടുത്താൻ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയെന്ന ആരോപണവും സത്യമെന്ന് തെളിയുകയാണെന്ന് സുർജെവാല പറഞ്ഞു.

Advertisement
Advertisement