ഫോൺ നശിപ്പിച്ചാലും രേഖകൾ കുടുക്കും

Sunday 04 July 2021 12:02 AM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിന്ന് തടിയൂരാൻ ഫോൺ ഉപേക്ഷിച്ചെങ്കിലും കാൾ രേഖകൾ അർജുൻ ആയങ്കിക്ക് ഊരാക്കുടുക്കാകും. സ്വർണക്കടത്ത് സംഘങ്ങളുമായി അർജുൻ ആശവിനിമയം നടത്തിയ ഫോൺ കേസിൽ നിർണായക തൊണ്ടിയാണ്. ഫോൺ പുഴയിൽ ഉപേക്ഷിച്ചെന്നാണ് പുതിയ വെളിപ്പെടുത്തിൽ. ഫോൺ വീണ്ടെടുക്കാൻ കസ്റ്രംസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫലം കണ്ടില്ലെങ്കിൽ പുറത്തുവന്ന ശബ്ദരേഖകളും ഡാറ്റാ ബേസിലെ വിവരങ്ങളും കസ്റ്റംസ് ശേഖരി​ക്കും.

സിം മറ്റൊരാളുടേതാണെങ്കിൽ അയാളിൽ നിന്നും മൊഴിയെടുക്കും. സിം ആയങ്കി തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് ഉറപ്പാക്കാനാണിത്. ചാറ്റ് അടക്കമുള്ള വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് ശേഖരിക്കും.

നേരത്തെ, തിരുവനന്തപുരം നയതന്ത്ര ചാനൽ സ്വർക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ ചാറ്റുകൾ കസ്റ്റംസ് വീണ്ടെടുത്തിരുന്നു.

ഡാറ്റാബേസിൽ നിന്ന് വിവരങ്ങൾ നീക്കിയാലും കേസിലെ മറ്ര് പ്രതികളുടെ ഫോൺ പരിശോധിച്ച് കേസുമായുള്ള അർജുന്റെ ബന്ധം ശാസ്ത്രീയമായി സ്ഥിരീകരിക്കാനാകും.

സ്വ‌ർണവുമായി പിടിയിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്ത് പരിശോധിച്ചു. കടത്തു സ്വർണം അവസാനയാളിൽ എത്തിക്കുന്നതുവരെയുള്ള ബന്ധം ഫോൺ രേഖകളിൽ വ്യക്തമാണ്.

Advertisement
Advertisement