കൊവാക്സിന് 77.8 % ഫലപ്രാപ്തി

Sunday 04 July 2021 12:16 AM IST

ന്യൂഡൽഹി:കൊവാക്സിൻ കൊവിഡിനെ 77.8ശതമാനം പ്രതിരോധിക്കുമെന്ന് മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതായി നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചു. പുതിയ വകഭേദമായ ഡെൽറ്റാ പ്ളസിനെതിരെ 65.2ശതമാനവും ലക്ഷണമില്ലാത്ത കൊവിഡ് ബാധയ്ക്കെതിരെ 63.6 ശതമാനവും വാക്സിൻ ഫലപ്രദമാണ്. ആശുപത്രിവാസം ഒഴിവാക്കും വിധം കടുത്ത രോഗത്തെ തടയുന്നതിൽ 93 % ഫലപ്രാപ്തിയുമുണ്ട്.

ഇന്ത്യയിൽ നിലവിൽ ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ മൂന്നാം ക്ലിനിക്കൽ ട്രയലിലെ ഫലപ്രാപ്തി 70.4% മാത്രം ആയിരുന്നു.

ഇന്ത്യയിലെ 25 ആശുപത്രികളിൽ 18-98 പ്രായക്കാരായ 25,800 പേരിലാണ് കൊവാക്സിന്റെ മൂന്നാം ക്ലിനിക്കൽ പരീക്ഷണം നടന്നത്. 0.5ശതമാനം പേരിൽ മാത്രമാണ് കടുത്ത വിപരീത ഫലങ്ങളുണ്ടായത്.

ലക്ഷണങ്ങളില്ലാത്ത കൊവിഡിനെ പ്രതിരോധിക്കുന്നതിലൂടെ രോഗവ്യാപനം തടയാൻ വാക്സിൻ വലിയൊരളവ് പങ്കു വഹിക്കുന്നതായി ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞു.

വാക്സിൻ 2-18 പ്രായത്തിലുള്ളവരിൽ സുരക്ഷിതമാണോ എന്നറിയാനുള്ള ക്ളിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്കു പുറമെ ബ്രസീൽ, ഫിലിപ്പെയ്ൻസ്, ഇറാൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കാനായി ലോകാരോഗ്യ സംഘടനയുടെ അനുമതിക്കുള്ള ചർച്ച നടക്കുകയാണ്. ഐ.സി.എം.ആറും ഭാരത് ബയോടെക്കും സംയുക്തമായാണ് കൊവാക്സിൻ വികസിപ്പിച്ചത്.

Advertisement
Advertisement