വാതക ചോർച്ച : തീ പിടിച്ച് മെക്സിക്കൻ കടൽ

Sunday 04 July 2021 1:26 AM IST

മെക്സിക്കൻ സിറ്റി : മെക്സിക്കോയിലെ യുകാറ്റൻ ഉപദ്വീപിന് സമീപം സമുദ്രാപരിതലത്തിൽ വൻ തീ പിടുത്തം. കടലിനടിയിലൂടെയുള്ള ഒരു വാതക പൈപ്പിലുണ്ടായ ചോർച്ചയാണ് സമുദ്രാപരിതലത്തിൽ വൻ തീ പിടുത്തത്തിന് കാരണമായത്. മെക്സിക്കോ ഉൾക്കടലിൻ്റെ തെക്കേ അറ്റത്ത് വെള്ളിയാഴ്ച പുലർച്ചെ 5.15 ഓടെയാണ് അപകടമുണ്ടായത്. പെമക്സ് എന്ന എണ്ണക്കമ്പനിയുടെ വാതക പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. കു മലൂബ് സാപ് ഓയിൽ ഡവലപ്മെന്റുമായി പെമെക്സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം. തീ വളരെ പെട്ടെന്ന് സമുദ്രാപരിതലത്തിൽ ആളിപ്പടർന്നു. കടലിനു മുകളില്‍ വൃത്താകൃതിയില്‍ ആളിക്കത്തുന്ന തീയും കടല്‍വെള്ളം കണ്ടാൽ ഉരുകിയൊലിക്കുന്ന ലാവ പോലെ തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട് നിന്ന ശ്രമത്തിനൊടുവിൽ തീ അണയ്ക്കാൻ സാധിച്ചുവെന്ന് പെമക്സ് കമ്പനി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീ പിടുത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മുൻപും ഇവിടെ സമാനമായ രീതിയിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതേ സമയം പൈപ്പിന് തകരാർ സംഭവിച്ച് തീ പടർന്നെങ്കിലും വാതകം ചോർന്നിട്ടില്ലെന്ന മെകിസ്ക്കോ ഓയിൽ സേഫ്റ്റി റെഗുലേറ്റർ മേധാവി ഏയ്ഞ്ചൽ കരിസോൽസ് വ്യക്തമാക്കി. എന്നാൽ സമുദ്രാപരിതലത്തിലെ തീ പിടുത്തത്തിന് കാരണമെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. വാതക ചോർച്ചയും തീ പിടുത്തവും സമുദ്രത്തിലെ ജീവജാലങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Advertisement
Advertisement