അർജുനന്റെ ആകാശങ്ങൾ

Sunday 04 July 2021 2:42 AM IST

പുരാണത്തിലെ അർജുനൻ അസ്ത്ര വിദ്യകളിൽ നിപുണനാണ്. അർജുനെ ആർക്കും തൊടാൻ കഴിയില്ല. അതിനു കാരണവുമുണ്ട്. പാശുപതാസ്ത്രം കൈയിലുണ്ട്, ഭഗവാൻ ശ്രീകൃഷ്ണൻ സാരഥിയും ഹനുമാൻ കൊടിയടയാളവുമാണ്. അതുകൊണ്ട് പുരാണത്തിലെ അർജുനൻ സുരക്ഷിതനാണ്. എന്നാൽ അഭിനവ അർജുനൻമാരുടെ സാരഥിമാർ ആരാണ്? എന്താണ് അവരുടെ കൊടിയടയാളം? എത്ര ചിന്തിച്ചിട്ടും എത്തും പിടിയും കിട്ടാത്ത ചോദ്യങ്ങളാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ണൂർ ചോദിക്കുന്നതും ഇതുതന്നെയാണ്. പറഞ്ഞു വരുന്നത് കണ്ണൂരിലെ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ചാണ്. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെയാണ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അർജുനന്റെ ആകാശവും ഭൂമിയും എല്ലാം ആരുടെ കാൽക്കീഴിലാണ്?

ജീവന് ജീവൻ, ചോരയ്ക്ക് ചോര, കണ്ണിന് കണ്ണ് എന്നതായിരുന്നു കഴിഞ്ഞ പത്ത് വർഷം മുമ്പ് വരെ കണ്ണൂരിന്റെ മുദ്രാവാക്യം. ക്ളാസ് മുറിയിലും നടുറോഡിലും ഓടുന്ന ബസി ലും ഹോട്ടലിലും എല്ലാം കൊലപാതക രാഷ്ട്രീയം അരങ്ങു തകർത്ത നാളുകൾ. എത്ര കുടുംബങ്ങളാണ് കൊലക്കത്തിക്ക് മുന്നിൽ അനാഥരായത്. എന്നാൽ ഇപ്പോൾ അതൊക്കെ പഴയകഥ.

രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പോക്കറ്റിലിട്ട് പറത്തി നടക്കുന്ന കാലം.സമാധാനത്തിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയായിരുന്നു. അപ്പോൾ കുറെപ്പേർ തൊഴിൽരഹിതരായി. അങ്ങനെയുള്ളവരുടെ മുന്നിൽ വഴിയടഞ്ഞു. എന്ത് വഴി തിരഞ്ഞെടുക്കണമെന്നായി ഇത്തരക്കാരുടെ ആലോചന. ക്വട്ടേഷൻ, സ്വർണക്കടത്ത്, ബ്ളേഡ് മാഫിയ തുടങ്ങിയ എല്ലാ ഏടാകൂടവും ഇവർ ഏറ്റെടുക്കുന്നു. അങ്ങനെയാണ് അർജുൻ ആയങ്കി പിറവിയെടുക്കുന്നത്.

സിനിമാക്കഥകളെ വെല്ലുന്ന കുരുവി സംഘത്തിന്റെ പുതിയ സ്വർണക്കടത്ത്, പൊട്ടിക്കൽ വിവാദം. എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ അവസ്ഥ. കരിപ്പൂർ എയർപോർട്ടിൽ നിന്നും സ്വർണം വരുന്നു. അതു ഒരാൾ മറ്റൊരാളെ വിളിച്ചു പറയുന്നു. ഇതിനിടയിൽ കുരുവി സംഘം കയറി കൊത്തിപ്പറിച്ച് സ്വർണവുമായി പറന്നകലന്നു. സ്വർണം കൊടുത്തയാളും വാങ്ങുന്നയാളും പാവം നിരപരാധികൾ.

രാമനാട്ടുകര വാഹനാപകടം നടന്നിരുന്നില്ലെങ്കിൽ ആയങ്കിമാരൊക്കെ കാണാമറയത്ത് തന്നെ കരുത്തരായുണ്ടാകുമായിരുന്നു.

കസ്റ്റംസിന്റെ പിടിയിലായ പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്ന് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയാനായി കാറിന്റെ ചിത്രം ഷഫീഖിന്റെ മൊബൈലിലേക്ക് അയച്ചു കൊടുത്തിരുന്നു.

സ്വർണം തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്നും വിമാനത്താവളത്തിൽ ബാത്ത് റൂമിൽ കയറി വസ്ത്രം മാറിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നും പുതിയ വസ്ത്രം ധരിച്ച ഫോട്ടോ അയക്കണമെന്നും അർജുൻ കാരിയറായ ഷെഫീഖിനോട് ആവശ്യപ്പെടുന്നു.

കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷഫീഖ് വിമാനമിറങ്ങിയപ്പോൾ തന്നെ പിടിയിലാകുകയായിരുന്നു. ഈ വിവരം അറിഞ്ഞ ഉടൻ അർജുൻ മൊബൈൽ സ്വിച്ച് ഒാഫാക്കി ഒളിവിൽ പോയി. അപസർപ്പക കഥ വായിച്ച പ്രതീതി.

ദുബായ് ദേരയിൽ സ്വർണ ഇടപാട് നടത്തുന്ന മറ്റൊരു കൊടുവള്ളിക്കാരനും മറ്റൊരാളും ചേർന്നാണ് ഷഫീഖിന് 2.33 കിലോ ഗ്രാം സ്വർണം കൈമാറിയത്. പിടിയിലായ അർജുനനെ കണ്ണൂരിൽ കസ്റ്റംസ് തെളിവെടുപ്പിനെത്തിച്ചപ്പോഴും മുഖത്ത് ഭാവഭേദമില്ല. ഒരു നായകപരിവേഷം. ചുറ്റിലും ആരാധകരായി ആൾക്കൂട്ടം. അർജുൻ കാറ് ഉപേക്ഷിച്ച സ്ഥലത്തും വീട്ടുപരിസരത്തുമൊക്കൊയായിരുന്നു കസ്റ്റംസ് പരിശോധന.

സ്വർണക്കടത്ത് നടന്ന ദിവസം അർജുന്റെ കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
പൂട്ടിയിട്ട അഴീക്കൽ സുൽക്ക ഉരു ഷെൽട്ടറിലാണ് ഈ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കാർ അപ്രത്യക്ഷമാകുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാറിന്റെ ഫോട്ടോയും നമ്പറും കൈമാറി. പിറ്റേ ദിവസം ആറ് പൊലീസ് സ്റ്റേഷൻ പരിധികൾ പുഷ്പം പോലെ കടന്ന് കാർ പരിയാരം സ്റ്റേഷൻ പരിധിയിലെത്തി. പുല്ല് വെട്ടാൻ പോയ തൊഴിലാളികൾ വേണ്ടിവന്നു പൊലീസിന് കാർ കണ്ടുപിടിച്ചു കൊടുക്കാൻ.
ഇതിനിടെ സ്വർണക്കടത്ത് ക്വട്ടേഷനിലെ സംഘത്തലവൻ കൂടിയായ അർജുൻ ആയങ്കിയുടെ ഭീഷണി ശബ്ദസന്ദേശവും പുറത്തുവന്നു.
സംഘത്തിലെ മറ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്വർണം തിരിച്ചു തന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. ഒറ്റയ്ക്ക് കൈക്കലാക്കിയാൽ നാട്ടിലിറങ്ങാൻ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും അർജുൻ ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.


ആരോപണങ്ങൾക്ക് പാർട്ടിയല്ല

മറുപടി പറയേണ്ടത്
അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് അർജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഡി.വൈ.എഫ്‌.ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് പാർട്ടിയല്ലെന്നും അർജ്ജുൻ ഫേസ്ബുക്കിൽ വിശദീകരിച്ചു. അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കും സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ പൂർണമായും തള്ളിക്കൊണ്ട് സി.പി. എം ജില്ലാ കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ
കള്ളക്കടത്തുകാർക്ക് ലൈക് അടിക്കുന്നവർ സ്റ്റാന്റ് വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ. എഫ്. ഐയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി. അപരാധിയും നിരപരാധിയും ആരാണെന്ന ആശങ്കയാണ് കണ്ടുനിന്നവർക്ക്.

സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവിടെ നമ്മള്‍ കാണുന്നതും അത്തരം രീതി തന്നെയാണ്.ചുവന്ന പ്രൊഫൈല്‍ വെച്ച് ആവേശം വിതറുന്ന തലക്കെട്ടില്‍ തരാതരം. ഇങ്ങനെ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍എത്തിക്കാം. ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവര്‍ ‘നേതാക്കളായി’ മാറി.
കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.ഇപ്പൊഴും അവരില്‍ ചിലര്‍ക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു.
കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോവുക. ഒടുവില്‍ സംഘാംഗങ്ങളുടെ പേരെടുത്ത് തന്നെ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്. ഇത്തരക്കാർക്കെതിരെ കണ്ണൂരിലെ നാലായിരത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമവും സി.പി. എം സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധ സംഗമം നടത്തിയതു കൊണ്ട് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ നിലയ്ക്ക് നിർത്താൻ കഴിയുമോ?

Advertisement
Advertisement