മുരളി മാസ്റ്റർ സംഗീതത്തിലൂടെ സ്വരുക്കൂട്ടിയത് ഗ്രന്ഥശാല

Sunday 04 July 2021 10:38 PM IST

  • വീട്ടിൽ സജ്ജീകരിച്ചത് പതിനായിരത്തലധികം പുസ്തകങ്ങൾ

മാള: സംഗീതത്തെയും പുസ്തകങ്ങളെയും നെഞ്ചോട് ചേർക്കുന്ന മുരളി മാസ്റ്റർ വീട്ടിനുള്ളിൽ ഒരുക്കിയത് പതിനായിരത്തിലധികം പുസ്തകങ്ങളുടെ വലിയ വായനശാലയാണ്. മാള ചുണ്ടേക്കാട്ട് ഇല്ലത്തെ മുരളി മാസ്റ്റർ ഇതിനായി ഉപയോഗിച്ചത് സംഗീത സംവിധായകൻ, പാട്ടെഴുത്തുകാരൻ, സംഗീത അദ്ധ്യാപകൻ എന്നീ നിലകളിൽ ലഭിച്ച വരുമാനമാണ്.

ഓട് മേഞ്ഞ ഇരുനില വീടിന്റെ മുകളിലെ മുറികളും വരാന്തകളും എല്ലാം പുസ്തകങ്ങളാൽ നിറഞ്ഞതാണ്. പതിനായിരത്തിൽപരം പുസ്തകമുണ്ടെന്നല്ലാതെ എത്ര ചെലവഴിച്ചുവെന്ന് ഇപ്പോഴും അദ്ദേഹത്തിന് തിട്ടമില്ല. നാല് പതിറ്റാണ്ടിനിടെ ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ടാകാം എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി.

പുരാണം, സാഹിത്യം, കവിത എന്നിങ്ങനെ ഒട്ടേറെ വിഭാഗത്തിലുള്ള പുസ്തകങ്ങളുണ്ട് ഇക്കൂട്ടത്തിൽ. ഇതിൽ ഭൂരിഭാഗവും അദ്ദേഹം വായിച്ചു തീർത്തവയാണ്. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ആൽബം എന്നീ വിഭാഗങ്ങളിൽ മുരളി മാസ്റ്റർ പ്രശസ്തനാണ്. കൊവിഡിന് മുമ്പ് പ്രദേശത്തെ നിരവധി പേർ പുസ്തകം വായിക്കാനെത്തുമായിരുന്നു.

എട്ടാം ക്‌ളാസ് മുതലുള്ള ആഗ്രഹമാണ് യാഥാർത്ഥ്യമായത്. വിപഞ്ചിക എന്ന പേരിൽ സംഗീത വിദ്യാലയം തുടങ്ങിയതോടെ വിപഞ്ചിക മുരളി എന്നാണ് അറിയപ്പെട്ടിരുന്നത്. തൃശൂർ രംഗചേതന മ്യൂസിക് അക്കാഡമിയിലെ പ്രധാന സംഗീത അദ്ധ്യാപകനായിരുന്നു. വേദാന്തവും സംസ്‌കാരവുമാണ് പ്രിയപ്പെട്ട മറ്റ് കാര്യങ്ങൾ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാലടി ശങ്കര കോളേജിൽ പ്രീഡിഗ്രി പഠനം സംഗീതത്തിലായിരുന്നു. പിന്നീട് സംഗീതവും പാട്ടെഴുത്തും പുസ്തക വായനയും പാട്ടും ജീവിതത്തിന്റെ ഒപ്പം ചേർത്തുവച്ചു. ഭാര്യ: മിനി. സിത്താർ കലാകാരിയായ മകൾ ശ്രീജ പറവൂർ ഇൻഫന്റ് ജീസസ് സ്‌കൂളിലെ സംഗീത അദ്ധ്യാപികയാണ്. മകൻ: ഹരികൃഷ്ണൻ ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിലെ സംഗീത അദ്ധ്യാപകനും സൗണ്ട് എൻജിനീയറുമാണ്.

സംഗീത രംഗത്ത് നിന്ന് ലഭിച്ച വരുമാനം പൂർണമായി പുസ്തകങ്ങൾ വാങ്ങാൻ വിനിയോഗിച്ചു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞിപ്പെങ്ങളും, കുഞ്ഞിക്കൂനൻ, ഓടയിൽ നിന്ന് തുടങ്ങിയ നാല് പുസ്തകങ്ങളുടെ ശേഖരവുമായാണ് തുടങ്ങിയത്.

മുരളി മാസ്റ്റർ.

Advertisement
Advertisement