അഗ്‌നിരക്ഷയ്ക്ക് കെട്ടിടങ്ങളിൽ യന്ത്രഗോവണിയുമായി എൻജി. വിദ്യാർത്ഥികൾ

Sunday 04 July 2021 10:43 PM IST

തൃശൂർ : അഗ്നിരക്ഷയ്ക്ക് ബഹുനിലകെട്ടിടങ്ങളിൽ ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക്ക് യന്ത്രവത്കൃത ഗോവണിയുമായി കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ് അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ. കെട്ടിടങ്ങളിലെ ഓരോ നിലകളും റെയിലും ഗോവണിയും ഉപയോഗിച്ചുള്ള ഗൈഡ് റെയിൽ വഴിയാണ് രക്ഷാ പ്രവർത്തനം.

സാധാരണ ഗോവണി ഉപയോഗിച്ചാണ് റെയിൽ വഴിയുള്ള രക്ഷാപ്രവർത്തനം ഓരോ നിലയിലേക്കും എത്തുക. മോട്ടോർ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുന്നത്. സെൻസർ ഉപയോഗിച്ചാണ് കെട്ടിടങ്ങളിലെ ഏത് ഭാഗത്താണ് അഗ്‌നിബാധ ഉണ്ടായതെന്ന് യന്ത്രം കണ്ടുപിടിക്കുക. അവിടേയ്ക്ക് റെയിൽ വഴി വേഗത്തിൽ ഗോവണിയെത്തിക്കും. കെട്ടിടത്തിന് പുറത്താണ് റെയിൽ സിസ്റ്റം ഉപയോഗിക്കുന്നത്.

മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ വി.എസ് റിനേഷ് , ടി.എ ശ്രീഹരി, ഇ.എസ് ഷെൽജോ , ഒമർ ശ്രേയസ് എന്നിവരാണ് സാങ്കേതിക സർവകലാശാല അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായി അഗ്‌നിരക്ഷാ മാർഗ്ഗം വികസിപ്പിച്ചത്. മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകരായ എം.എസ് ആദർശ് , ദീപു മോഹൻ എന്നിവർ പിന്തുണ നൽകി. കേരള ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവുമായി ചേർന്ന് യന്ത്രം കെട്ടിട നിർമ്മാണ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.എൻ. രാമചന്ദ്രൻ പറഞ്ഞു.

Advertisement
Advertisement