സ്പിരിറ്റുമായി മറിഞ്ഞ ടാങ്കർ ലോറിക്ക് സാങ്കേതിക തകരാർ

Monday 05 July 2021 12:01 AM IST

ആലപ്പുഴ: ദേശീയപാതയിൽ കലവൂരിന് സമീപം സ്പിരിറ്റുമായി മറിഞ്ഞ ടാങ്കർ ലോറിക്ക് സാങ്കേതിക തകരാർ ഉള്ളതിനാൽ രണ്ടാം ദിവസവും സ്പിരിറ്റ് കൊണ്ടുപോകാനായില്ല.

മറ്റൊരു ടാങ്കറിലേക്ക് സ്പിരിറ്റ് മാറ്റണമെങ്കിൽ പെർമിറ്റ് ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പാലിക്കണം. എക്സൈസിന്റെ അനുമതിക്ക് ഇന്നലെ വൈകിട്ട് വരെ ആരും സമീപിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പെട്ട ലോറി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ലോറിയുടെ വീൽ ഘടിപ്പിച്ചുട്ടുള്ള ഭാഗങ്ങളിൽ സാങ്കേതിക തകരാർ ഉള്ളതായി കണ്ടെത്തി. വാഹനം ഓടിക്കാൻ കഴിയുമെങ്കിലും അത്രസുരക്ഷിതമല്ല. അപകടസാദ്ധ്യതയുള്ള ദ്രാവകമായതിനാൽ ഫിറ്റ്നസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായില്ല. പകരം മറ്റൊരു വാഹനത്തിൽ സ്പിരിറ്റ് കൊണ്ടുപോകുന്നതാണ് സുരക്ഷിതമെന്ന് ഉദ്യോഗസ്ഥർ എക്സൈസിനെ അറിയിക്കുകയായിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് ഉത്തരപ്രദേശിൽ നിന്ന് 30,000 ലിറ്റർ സ്പിരിറ്റുമായി വന്ന ടാങ്കർ ലോറിയാണ് വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാർ ഏറ്റെടുത്ത ഉത്തരപ്രദേശിലെ കമ്പനി അധികൃതർ സുരക്ഷിതമായ ടാങ്കർ ലോറി എത്തിച്ച് എക്സൈസിന്റെ സാന്നിദ്ധ്യത്തിൽ, മറിഞ്ഞ ലോറിയിൽ നിന്ന് സ്പിരിറ്റ് പമ്പ് ചെയ്യണം. ഇതിന് എക്സൈസിന്റെ മുകൂട്ടിയുള്ള അനുമതിയും മതിയായ സുരക്ഷയും ഒരുക്കണം. ഇന്നലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരുന്നതിനാൽ തുടർനടപടികൾ ഒന്നുമുണ്ടായില്ല. ലോറി ക്രെയിൽ ഉപയോഗിച്ച് ഉയർത്തി സുരക്ഷതമായി പൊലീസ് കാവലിലാണ്.

Advertisement
Advertisement