കാൻ ഇന്ന് കണ്ണുതുറക്കും

Tuesday 06 July 2021 4:30 AM IST

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാൻ ഫിലിം ഫെസ്റ്റിവലിന് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നാരംഭം.ജൂലായ് 17 ന് സമാപിക്കുന്ന മേളയിൽ മത്സര വിഭാഗത്തിൽ 24 ചിത്രങ്ങൾ

-------------------------------------------------------------------------

കൊവിഡ് മൂലം മുടങ്ങിയ കഴിഞ്ഞ വർഷത്തെ ചലച്ചിത്രോത്സവത്തിനു ശേഷം വീണ്ടും കാൻ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം.ലോകത്തിലെ ഏറ്റവും സുപ്രധാനമായ ചലച്ചിത്രോത്സവത്തിന്റെ ലഹരിയിൽ ചലച്ചിത്രലോകം കാനിലേക്ക് കണ്ണുതുറക്കുകയാണ്.ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും നിരൂപകനുമായ ലിയോസ് കാരക്സിന്റെ അന്നറ്റെ എന്ന മ്യൂസിക്കൽ ചിത്രമാണ് കാൻ ഫെസ്റ്റിവലിലെ ഓപ്പണിംഗ് ഫിലിം. ഈ മാസം പതിനേഴിന് സമാപിക്കുന്ന ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിൽ 24 ഉം അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ 18 ചിത്രങ്ങളും പ്രദർശിപ്പിക്കും.അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സ്പൈക്ക് ലീയാണ് ജൂറിയുടെ അദ്ധ്യക്ഷൻ.മറ്റു വിഭാഗങ്ങൾക്ക് പ്രത്യേക ജൂറികളുണ്ട്. എബൗട്ട് എല്ലി, എ സെപ്പറേഷൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അസ്ഗർ ഫർഹാദിയുടെ ഏറ്റവും പുതിയ ചിത്രമായ എ ഹീറോ മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നു.ഉദ്ഘാടന ചടങ്ങിൽ വിഖ്യാത ഹോളിവുഡ്ഢ് നടി ജൂഡി ഫോസ്റ്റർക്ക് ഓണററി പാം ഡി ഓർ ബഹുമതി നൽകി ആദരിക്കും.

ഡയറക്ടേഴ്സ് ഫോർട്ട് നൈറ്റ് വിഭാഗത്തിൽ ഇന്ത്യൻ ബാലസാഹിത്യകാരിയായ പായൽ കപാഡിയയുടെ എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് എന്ന ചിത്രവും സിനിമ ഫോർ ദ ക്ളൈമറ്റ് വിഭാഗത്തിൽ രാഹുൽ ജെയിനിന്റെ ഇൻവിസിബിൾ ഡെമോൺസും പ്രദർശിപ്പിക്കുന്നുണ്ട്.കാൻ തുടങ്ങുന്നതോടെ മറ്റ് അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളും ആരംഭിക്കുമെന്നറിയുന്നു.

Advertisement
Advertisement