ശമനമില്ലാതെ ഛർദ്ദിയും അതിസാരവും

Tuesday 06 July 2021 12:41 AM IST

നഗരത്തിലെ കുടിവെള്ളം മോശമെന്ന് റിപ്പോർട്ട്

ആലപ്പുഴ: നഗരത്തിൽ ഛർദ്ദിയും അതിസാരവും മൂലം ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ മാത്രം 81 പേർ പുതുതായെത്തി. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നാണ് പരിശോധനാഫലം.

8 മുതൽ 13 പോയിന്റ് വരെയാണ് കോളിഫോമിന്റെ അളവ് കണ്ടെത്തിയത്. എന്നാൽ അതിസാരത്തിന് കാരണമാകുന്ന ഇ- കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കിണറുകളിൽ നിന്നടക്കം ശേഖരിച്ച വെള്ളത്തിൽ കണ്ടെത്തിയിട്ടില്ല. വില്പന നടത്തുന്ന കുപ്പിവെള്ളത്തിലും ആർ.ഒ പ്ലാന്റുകളിൽ നിന്ന് വിതരണം ചെയ്യുന്ന ജലത്തിലും കോളിഫോമിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. ഈ ജലം തിളപ്പിക്കാതെ കുടിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് പ്രാഥമികമായി വിലയിരുത്തുന്നു. പ്രദേശങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച ബീഫിലും ചിക്കനിലും രണ്ട് ബാക്ടീരിയകളും സ്ഥിരീകരിച്ചു. നന്നായി പാകം ചെയ്ത് കഴിച്ചാൽ രോഗകാരണമാകില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ വിഷയം ചർച്ച ചെയ്യാൻ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ആരോഗ്യ വിഭാഗം അധികൃതരുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും ലേബർ ഓഫീസറുടയെും സംയുക്ത യോഗം വിളിച്ചു. നഗരത്തിൽ പ്രവർത്തിക്കുന്ന 64 ആർ.ഒ പ്ലാന്റുകളുടെയും ജലസ്രോതസ് സംബന്ധിച്ച് അടിയന്തര പരിശോധന നടത്താൻ യോഗത്തിൽ തീരുമാനമായി. നഗരസഭ പരിധിയിലെ 6,123 വീടുകൾ സന്ദർശിച്ച് ആരോഗ്യ പ്രവർത്തകർ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. തിളപ്പിച്ചാറ്റിയ വെള്ളം

മാത്രമേ കുടിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കുട്ടികളിലേക്കും

81 പേരാണ് ഛർദ്ദി, വയറിളക്കം രോഗലക്ഷണങ്ങളോടെ ഇന്നലെ ചികിത്സ തേടിയത്. തിങ്കളാഴ്ച 18 കുട്ടികളെയാണ് കടപ്പുറം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. ഇതിൽ 10 പേർക്ക് ഛർദ്ദിയും എട്ടുപേർക്ക് വയറിളക്കവുമായിരുന്നു. ഞായറാഴ്ച രാത്രിയിൽ 16 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം പകരാനുളള സാദ്ധ്യത തളളിക്കളയാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭ ജലഅതോറിട്ടിക്ക് നിർദേശം നൽകി.

..................................

ഓരോ 24 മണിക്കൂർ കൂടുമ്പോഴും നടത്തുന്ന തുടർച്ചയായ കൾച്ചർ പരിശോധനയിലൂടെയാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നത്. ചുരുങ്ങിയത് 7 ദിവസം പരിശോധന തുടരേണ്ടതുണ്ട്. അടുത്ത രണ്ട് ദിവസം കൂടി സാമ്പിളുകൾ കൾച്ചർ ചെയ്തു കിട്ടുന്ന ഫലത്തിലാണ് ഏതെല്ലാം ബാക്ടീരിയകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമാവുക

ഡോ.ദീപ്തി, ഡെപ്യൂട്ടി ഡി.എം.ഒ

........................

അടുത്ത ദിവസം തന്നെ ആർ.ഒ പ്ലാന്റുകളുടെ സ്രോതസും ലൈസൻസും പരിശോധിക്കും. വെള്ളം നന്നായി തിളപ്പിച്ച് കുടിച്ചാൽ മാത്രമേ രോഗ സാദ്ധ്യത ഒഴിവാകൂ

സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ

Advertisement
Advertisement