മെഡിക്കൽ ഓഫീസർക്കെതിരെ വകുപ്പുതല നടപടി ഉടൻ

Tuesday 06 July 2021 12:43 AM IST

ആലപ്പുഴ: ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. സ്ഥലം മാറിപ്പോയ ജീവനക്കാരന് മൂന്നു വർഷമായി ശമ്പളം ലഭിക്കാത്തതു സംബന്ധിച്ച പരാതിയാണ് കാരണം. യുക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകിയിരുന്നു.

വൈക്കം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.ആർ.പ്രതാപ് രാജ് ആണ് പരാതിക്കാരൻ. ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 2018 ജൂലായ് 11ന് വൈക്കത്തേക്ക് മാറിയ പ്രതാപ് രാജിന്റെ അവസാന വേതന പത്രം (ലാസ്റ്റ് പേ സർട്ടിഫിക്കറ്റ്) ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. കണ്ണൻ വൈക്കം ആശുപത്രിയിലേക്ക് അയച്ചു കൊടുത്തില്ല. അതിനാൽ മൂന്ന് വർഷമായി ശമ്പളമില്ല. പരാതിക്കാരൻ ചുമതല കൈമാറാത്തതു കൊണ്ടാണ് അവസാന വേതന പത്രം നൽകാത്തതെന്നായിരുന്നു ഡോ. കണ്ണന്റെ വിശദീകരണം. എന്നാൽ വേതനപത്രം തടയുന്നത് ഗുരുതര വീഴ്ചയാണെന്ന് ഡി.എം.ഒ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഡോ. കണ്ണനെതിരെ കമ്മിഷൻ വകുപ്പുതല നടപടിക്ക് ഉത്തരവ് നൽകണമെന്നും ഡി.എം.ഒ അഭ്യർത്ഥിച്ചിരുന്നു.

പരാതിക്കാരന്റെ വേതനപത്രം നൽകി ശമ്പള കുടിശിക കൈമാറാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.

Advertisement
Advertisement