കോൺഗ്രസ് ടൂൾകിറ്റ് കേസിൽ എൻ.ഐ.എ അന്വേഷണം: ഹർജി തള്ളി

Wednesday 07 July 2021 2:13 AM IST

ന്യൂഡൽഹി: നിസാര കാര്യങ്ങൾക്ക് ഹർജിയുമായി കോടതി കയറുന്നവർക്കെതിരെ നടപടിയെടുക്കാൻ സമയമായെന്ന മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. വിവാദമായ കോൺഗ്രസ് ടൂൾകിറ്റ് കേസിൽ എൻ.ഐ.എ അന്വേഷണം നടത്തണമെന്നും കോൺഗ്രസിന്റെ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
കോൺഗ്രസിനെതിരെ രാജ്യവിരുദ്ധ ആരോപണങ്ങൾ തെളിഞ്ഞാൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, പരാതിക്കാരന് പ്രസ്തുത ടൂൾകിറ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ലെന്നും അവഗണിച്ചേക്കാനുമായിരുന്നു കോടതി നൽകിയ മറുപടി.
ഇത്തരം നിരർത്ഥകരമായ പരാതികൾ കേൾക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം പരാതികൾക്കെതിരെ സുപ്രീംകോടതി നടപടിയെടുക്കേണ്ട സമയമായി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് തയാറാക്കിയതെന്ന് പറയുന്ന ടൂൾകിറ്റ് ബി.ജെ.പി. നേതാവ് സംബീത് പാത്രയാണ് ട്വിറ്ററിൽ ഷെയർ ചെയ്തത്.

Advertisement
Advertisement