കൊവിഡ് അറ്റാക്കിൽ വഴിയടഞ്ഞ് 'റെപ്പുമാർ"

Wednesday 07 July 2021 12:32 AM IST

മെഡിക്കൽ റെപ്രസന്റേറ്റിവുമാർക്ക് ദുരിതകാലം

ആലപ്പുഴ: കൊവിഡ് തലപൊക്കിയ നാൾ മുതൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് സംസ്ഥാനത്തെ മെഡിക്കൽ റെപ്രസന്റേറ്റിവുമാർ. ടാർഗറ്റ് തികയ്ക്കാൻ കഴിയാത്തതിനാൽ പലരുടെയും ജോലി നഷ്ടപ്പെട്ടു.

ഡോക്ട‌ർമാരിൽ നല്ലൊരു വിഭാഗം സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കാത്തതും, സ്വകാര്യ ആശുപത്രികളിൽ റെപ്പുമാർക്ക് പ്രവേശനം വിലക്കിയിരിക്കുന്നതുമാണ് പ്രധാന വെല്ലുവിളികൾ. ജില്ലയിൽ 20 ശതമാനത്തിൽ താഴെ ഡോക്ടർമാർ മാത്രമാണ് വീടുകളിൽ പരിശോധന നടത്തുന്നത്. ഇവിടങ്ങളിൽ തന്നെ മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമേ, റെപ്പുമാർക്ക് പ്രവേശനം ലഭിക്കൂ. ആദ്യ ലോക്ക് ഡൗണിന്റെ കാലം മുതൽക്കേ റെപ്പുമാരുടെ പ്രവർത്തനം ഓൺലൈനിലേക്ക് ചുവടുമാറ്റിയിരുന്നു. എന്നാൽ റെപ്പുമാരുടെ ഓൺലൈൻ മീറ്റിംഗുകളോട് ഡോക്ടർമാർ നിസഹകരണം പുലർത്തുന്നതിനാൽ ജോലി പലപ്പോഴും വിജയിക്കാറില്ല.

ഫീൽ‌‌ഡിൽ നിന്നു ടെലിമാർക്കറ്റിലേക്ക് റെപ്പുമാരുടെ പ്രവർത്തനം മാറിയിട്ടുണ്ട്. ദിവസം നാല് മണിക്കൂറെങ്കിലും ഓൺലൈനിലായിരിക്കും. രാവിലെ ഒരു മണിക്കൂർ നീളുന്ന ട്രെയിനിംഗ്, സെയിൽസ് പ്ലാൻ തയ്യാറാക്കൽ, വർക്ക് പ്ലാൻ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയാണ് പൂർത്തീകരിക്കേണ്ടത്. മരുന്ന് കമ്പനികളുടെ നിലവാരമനുസരിച്ച് ജീവനക്കാർക്ക് ലഭിക്കുന്ന വർക്ക് ഫ്രം ഹോം നിർദ്ദേശങ്ങളിൽ മാറ്റം വരും. ദിവസം 10-20 ഡോക്ടർമാരെയും സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മരുന്നുകടകൾ എന്നിവിടങ്ങളും സന്ദർശിച്ച് നടത്തിയിരുന്ന മാർക്കറ്റിംഗ് ഇപ്പോൾ വാട്സാപ്പ് വഴിയാണ് നിലനിറുത്തുന്നത്.

ഇടിത്തീയായി ഇന്ധവില

ജോലി ദിവസങ്ങളിലെ 95 ശതമാനം നേരവും യാത്രയ്ക്കു വേണ്ടി ചിലവഴിച്ചിരുന്ന മെഡിക്കൽ റെപ്പുമാരുടെ പോക്കറ്റ് കീറുന്നതാണ് ഇപ്പോഴത്തെ ഇന്ധനവില. ലോക്ക് ഡൗണിൽ ഇളവായതോടെ റെപ്പുമാരിൽ ചിലരെങ്കിലും ഫീൽഡിൽ ഇറങ്ങി തുടങ്ങി. ആഹാരച്ചെലലും, ഇന്ധനച്ചെലവും കഴിഞ്ഞ് മിച്ചം പിടിക്കാൻ ഒന്നും ലഭിക്കാത്ത നിലയിലാണ് കാര്യങ്ങൾ. ടാർഗറ്റ് വിജയിക്കാത്തതിനാൽ ഇൻസെന്റീവ് ലഭിക്കില്ല. പിരിച്ചുവിടലും സ്ഥലം മാറ്റവും മുറപോലെ നടക്കുന്നുണ്ട്. 15 ദിവസത്തെ ജോലിക്ക് വേണ്ടി മാത്രം റെപ്പുമാരെ നിയോഗിക്കുകയാണ് ചില കമ്പനികൾ.

വെല്ലുവിളികൾ ഒത്തിരി

1.മെഡിക്കൽ സ്റ്റോറുകളിൽ കച്ചവടം കുറഞ്ഞു

2.ശമ്പളം കൂടാതെയുള്ള നേട്ടം അലവൻസും ഇൻസെന്റീവും

3. ടാർഗറ്റ് തികയ്ക്കാൻ സാധിക്കുന്നില്ല

4.വർക്ക് ഫ്രം ഹോം ആരംഭിച്ചത് 2020 മാർച്ച് 15ന്

.........................................

ഓൺലൈനിൽ ചെയ്യുന്നത്

പരിശീലനം, സെയിൽസ് പ്ലാൻ, പ്രൊഡക്ട് പരിചയപ്പെടൽ, വർക്ക് പ്ലാൻ, മാർക്കറ്റിംഗ് സാദ്ധ്യതകളുടെ പരിശോധന, ഗ്രൂപ്പ് ഡിസ്കഷനുകൾ

150 - 200 കി.മി: ഒരു മെഡിക്കൽ റെപ്പിന്റെ പ്രതിദിന യാത്ര

ജീവിതശൈലീരോഗങ്ങളുടെ മരുന്നുകൾക്ക് മാത്രമാണ് ആവശ്യക്കാരുള്ളത്. ആന്റിബയോട്ടിക്കുകൾ, നേത്രരോഗ- ത്വക്ക് രോഗ മരുന്നുകൾ എന്നിവയ്ക്ക് വിപണി കുറഞ്ഞു. ഇതോടെ ടാർഗറ്റ് തികയ്ക്കാനാവാതെ കിതയ്ക്കുകയാണ് പല റെപ്പുമാരും.

- സി.കെ.ബാലു, മെഡിക്കൽ റെപ്പ്

Advertisement
Advertisement