ഈ മൊട്ടുകളെ ചതച്ചുകളഞ്ഞവരെ മറക്കരുത് ,​അവരോട് പൊറുക്കരുത്

Wednesday 07 July 2021 12:15 AM IST

'ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരുകോടി ഈശ്വര വിലാപം"- കവി പാടിയത് എത്ര നിരർത്ഥകമാണെന്ന് തോന്നിപോകും ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ. നമ്മുടെ പിഞ്ചോമനകളുടെ നിലവിളി ആരും കേൾക്കാത്തതെന്താണ്. പൊതുസ്ഥലത്ത് ഒരു ആണും പെണ്ണും ഒരുമിച്ചിരുന്ന് സംസാരിച്ചാൽ പൊട്ടിയൊലിക്കുന്ന സദാചാര ബോധം വീടുകളിൽ കുഞ്ഞുങ്ങൾ പീഡനമേറ്റ് മരിക്കുമ്പോൾ മലയാളിക്ക് ഉണ്ടാകാത്തതെന്താണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ അവരുടെ ഘാതരാകുന്ന കാഴ്ച എത്ര ഹൃദയഭേദകമാണ്. വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരി സ്വന്തം സഹോദരനെപ്പോലെ കരുതിയ യുവാവാണ് അവളെ ഇല്ലാതാക്കിയത്. ഒരു ഭിത്തിക്കപ്പുറം താമസിക്കുന്ന അവനെ ഹതഭാഗ്യരായ ആ അച്ഛനും അമ്മയും സ്വന്തം മകനെപ്പോലെയാണ് കണ്ടത്. എന്നാൽ അവൻ കാമക്കണ്ണുകളോടെ മാത്രമാണ് ആ കുഞ്ഞിനെ നോക്കിക്കണ്ടതെന്ന് അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. മൂന്ന് വയസു മുതൽ കുഞ്ഞുമോളെ പ്രതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് കേൾക്കുമ്പോൾ കാതും മനസും മരവിക്കുന്നു. രണ്ടുവർഷം മുമ്പ് അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിനിരയായി തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരൻ മരിച്ചതിന്റെ വേദന ഇന്നും തോർന്നു തീർന്നിട്ടില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പത്ത് ദിവസത്തോളം ചികിത്സയിലിരുന്നാണ് ആ ബാലൻ മരിച്ചത്. പിതാവിന്റെ സ്ഥാനത്ത് നിന്ന് സംരക്ഷിക്കേണ്ടയാൾ തന്നെയാണ് കുട്ടിയുടെ ജീവനെടുത്തത്. കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കവടിയാർ നന്തൻകോട് സ്വദേശി അരുൺ ആനന്ദ് (36) ജയിലിലാണ്. തൊടുപുഴ ഉണ്ടപ്ലാവിൽ വിളിച്ചിട്ട് അടുത്ത് വരാതിരുന്നതിന് അഞ്ച് വയസുകാരനെ അച്ഛന്റെ സഹോദരൻ എടുത്ത് വലിച്ചെറിഞ്ഞ സംഭവം കഴിഞ്ഞ വർഷം ഒക്ടോബർ 30നായിരുന്നു. കട്ടപ്പനയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ് ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താത്ത ഷെഫീക്ക് എന്ന ബാലൻ ഇന്നും ഉണങ്ങാത്ത മുറിപ്പാടാണ്.

നിയമങ്ങൾ അനവധി

കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി എണ്ണമറ്റ നിയമങ്ങളും സംഘടനകളും പദ്ധതികളും നമ്മുടെ നാട്ടിലുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വേണ്ട നിർദ്ദേശങ്ങളും ശാരീരിക- മാനസിക- ലൈംഗിക പീഡനങ്ങൾ ഒഴിവാക്കാനുള്ള നടപടികളുമുള്ള നിയമങ്ങളുമുണ്ട്. കുട്ടികൾക്കുവേണ്ടി എന്ത് നിയമമുണ്ടാക്കാനും ഭരണഘടനയുടെ പിന്തുണയുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി,​ ശിശുസംരക്ഷണ സമിതി,​ ചൈൽഡ് ലൈൻ,​ ബാലാവകാശ കമ്മിഷൻ,​ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങി കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള സമിതികളിലൂടെയും കമ്മിഷനുകളിലൂടെയും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം മുന്നോട്ട് പോയിട്ടുണ്ടെന്നത് വസ്തുതയാണ്. പൊതുജനം കൂടുതൽ അവബോധം നേടിയതോടെ കുട്ടികളോടുള്ള ക്രൂരതകളും ലൈംഗികപീഡനങ്ങളും കൂടുതലായി പുറത്തു വരുന്നുണ്ടെന്നതും സത്യമാണ്. എന്നിട്ടും കുഞ്ഞുങ്ങൾ നിർബാധം പീ‌ഡനമേറ്റ് മരിക്കുന്നതെങ്ങനെയെന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതാണ്. ഇരകളായ കുട്ടികളെ ദത്തെടുത്തും മാതാപിതാക്കളെ ജയിലിലടച്ചും തീർക്കാവുന്ന വിഷയമല്ലിത്. ഏത് കുഞ്ഞിനോടും ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടൻ അധികാരികളെ അറിയിക്കാൻ തോന്നണം. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം, നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തിൽ നടപ്പാക്കണം. അക്രമത്തിന്റെ സാഹചര്യമുണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടൻ കുട്ടികളെ സുരക്ഷിതമാക്കി മാറ്റിപ്പാർപ്പിക്കാൻ സംവിധാനമുണ്ടാക്കണം. എല്ലാ പഞ്ചായത്തിലും ചൈൽഡ് ലൈൻ കമ്മിറ്റികളുണ്ട് കേരളത്തിൽ. പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ വൈസ് ചെയർപേഴ്സണുമായുള്ള കമ്മിറ്റിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ,​ കുട്ടികളുടെ പ്രതിനിധികൾ,​ അംഗൻവാടി ടീച്ചർ,​ സ്കൂൾ ടീച്ചർ തുടങ്ങി സാമൂഹ്യപ്രവർത്തകർ വരെ അംഗങ്ങളാണ്. കമ്മിറ്റികൾ മൂന്നുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. സർവതല സ്പർശിയായ ഈ കമ്മിറ്റിക്ക് പഞ്ചായത്തിലെ എല്ലാ കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്താനാകും. ഇത്തരത്തിൽ മുനിസിപ്പാലിറ്റി,​ കോർപ്പറേഷൻ,​ ബ്ലോക്ക്,​ ജില്ലാ തലത്തിലും ഈ കമ്മിറ്രികളുണ്ട്. ഈ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ തന്നെ കുട്ടികൾക്കെതിരായ അതിക്രമം ഒരു പരിധി വരെ തടയാനാകും. നിർഭാഗ്യവശാൽ നമ്മുടെ പല പഞ്ചായത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായി യോഗം ചേരാറില്ല.

നല്ല മാതൃകകൾ സ്വീകരിക്കാം

പാശ്ചാത്യ രാജ്യങ്ങളിൽ കുട്ടികളോടുള്ള ക്രൂരത ഏറെ ഗുരുതരമായിട്ടാണ് പരിഗണിക്കുന്നത്. കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നാലോ സ്കൂളിൽ അയക്കാതിരുന്നാലോ പോലും വലിയ കുറ്റമായി കണക്കാക്കും. ഇവിടങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ട സർക്കാർ ഏജൻസിക്ക് വിപുലമായ അവകാശങ്ങളുണ്ട്. കുട്ടികൾക്ക് നേരെ എന്തെങ്കിലും അതിക്രമങ്ങളുണ്ടായാൽ കുടുംബങ്ങളിൽ കടന്നു ചെല്ലാനും കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാൽ കുട്ടിയെ കുടുംബത്തിൽ നിന്ന് മാറ്റി സംരക്ഷണം നൽകാനും വരെ അധികാരമുണ്ട്. ഇവരുടെ സേവനത്തെപ്പറ്റി എല്ലാ കുട്ടികളെയും ചെറുപ്രായത്തിൽത്തന്നെ ബോധവാന്മാരാക്കും. കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവ് ലഭിക്കുന്ന ആയമാർ, അദ്ധ്യാപകർ, ഡോക്ടർമാർ എന്നിവർ ഉടൻ ഈ സംവിധാനത്തെ അറിയിക്കാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും കുട്ടിയെ ഉപദ്രവിക്കുന്നതായി സംശയമെങ്കിലും തോന്നിയാൽ ഈ ഏജൻസിയെ വിളിച്ചറിയിക്കാനാണ് പൊതുജനത്തെ പഠിപ്പിക്കുന്നത്.

രക്ഷിതാക്കൾ അറിയാൻ

സ്വന്തം നേർക്കുണ്ടാവാൻ സാദ്ധ്യതയുള്ള അതിക്രമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയെന്നതാണ് രക്ഷിതാക്കളുടെ മുന്നിലുള്ള പ്രധാന ദൗത്യം. അവർ സുരക്ഷിതരെന്ന് നാം കരുതുന്ന വീട്ടിലോ സ്കൂളിലോ വച്ച് ഇത്തരം അതിക്രമങ്ങളുണ്ടാകാം. നല്ല സ്പർശവും മോശം സ്പർശവും തിരിച്ചറിയാനുള്ള പ്രായമാകുന്നതോടെ കുട്ടികളോട് സംസാരിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം. തന്റെ ശരീര ഭാഗങ്ങളെക്കുറിച്ചും സ്വകാര്യ ഭാഗങ്ങളിലെ സ്പർശനത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കണം. മോശം സ്പർശനമെന്ന് തോന്നിയാൽ ശക്തമായി എതിർക്കാനും പീഡനശ്രമമുണ്ടാകുന്ന സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെടാനും കുട്ടികൾക്ക് പരിശീലനം നൽകണം. കുട്ടിയെ പൂർണമായും വിശ്വസിക്കുന്നുവെന്നും ഇത്തരം സംഭവം ഉണ്ടായത് അവരുടെ കുറ്റമല്ലെന്നും മാതാപിതാക്കൾ കുട്ടികളോട് പറയേണ്ടതും അത്യാവശ്യമാണ്. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള മാതാപിതാക്കൾ വിദഗ്ദ്ധരുടെ സഹായം തേടണം. ആരെങ്കിലും പീഡനശ്രമം നടത്തിയാൽ പറഞ്ഞു തീർക്കുന്നതിന് പകരം നിയമപരമായി നേരിടാനും മടിക്കരുത്.

Advertisement
Advertisement