ഖത്തറിലെ ഇന്ത്യക്കാർക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം

Wednesday 07 July 2021 12:37 AM IST

ദോഹ :കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വിസ അനുവദിക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണം നീക്കിയതായി ഖത്തർ അറിയിച്ചു. കുടുംബാംഗങ്ങൾക്കുള്ള റസിഡൻസ് വിസ ആവശ്യമുള്ളവർക്ക് അതിനായി മിത്രാഷ് 2 ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാം. വിസയ്ക്കാവശ്യമായ രേഖകൾ ആപ്പ് വഴി അപ്‌ലോഡ് ചെയ്താൽ മതിയാകും.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിറുത്തി വച്ച ആശ്രിത വിസ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് തീരുമാനം.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രാവാസികളുടെ കുടുംബാംഗങ്ങൾക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ഖത്തർ താത്കാലികമായി നിറുത്തി വച്ചത്.
നിലവിൽ കുടുംബാംഗങ്ങൾക്കുള്ള റസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാൻ അവസരം നല്കിയിട്ടുണ്ടെങ്കിലും വിസിറ്റ് വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേമാവുന്നതിനനുസരിച്ച് സന്ദർശക വിസയും അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഏതാനും ദിവസം മുമ്പ് മിത്രാഷ് ആപ്പിൽ കുടുംബാംഗങ്ങൾക്കുള്ള റെസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാവുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യക്കാർക്കും അപേക്ഷിക്കാനുള്ള സംവിധാനം ആപ്പിൽ ലഭ്യമാണ്. ഇന്ത്യക്കൊപ്പം പാകിസ്ഥാനിൽ നിന്നുള്ള പ്രവാസികൾക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള നിയന്ത്രണം നീക്കിയിട്ടുണ്ട്.

Advertisement
Advertisement