ഹെയ്തി പ്രസിഡന്റ് വെടിയേറ്റ് മരിച്ചു

Thursday 08 July 2021 1:36 AM IST

പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോസെ വെടിയേറ്റു മരിച്ചു. 53 വയസ്സായിരുന്നു ചൊവ്വാഴ്ച രാത്രി മോസെയുടെ സ്വകാര്യ വസതിയ്ക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.ആക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൻ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.

2017ൽപ്രസിഡന്റായി ചുമതലയേറ്റത് മുതൽ മോസെയ്ക്ക് വിമർശനങ്ങളും കടുത്ത പ്രതിഷേധങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഫെബ്രുവരിയിൽ മോസെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മോസെയ്ക്ക് നേരെയുണ്ടായ ആക്രമണം മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു. ഹെയ്തിയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് വ്യക്തമാക്കി. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർദ്ധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമസംഭവങ്ങൾ സ‌ർവസാധാരണമായത്.

ഭക്ഷണക്ഷാമം ഹെയ്തിയിൽ രൂക്ഷമാണ്. പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ വ്യാപകമായ രീതിയിൽ അക്രമങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

Advertisement
Advertisement