പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു, കോൺഗ്രസിനോട് വിടപറഞ്ഞെത്തിയവർക്ക് ക്യാബിനറ്റ്  പദവി

Wednesday 07 July 2021 8:28 PM IST

ന്യൂഡൽഹി: പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണെയ്ക്കും രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘനടയിൽ ക്യാബിനറ്റ് പദവി തന്നെ ലഭിച്ചു. കോൺഗ്രസിന്റെ ഉന്നത പദവികളിൽ ഇരിക്കുമ്പോഴാണ് ഇരുവരും പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ബി ജെ പിയിലെത്തിയത്..

രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനും മദ്ധ്യപ്രദേശിൽ പാർട്ടിയുടെ മുഖവുമായിരുന്നു ഒരുകാലത്ത് ജ്യോതിരാദിത്യ സിന്ധ്യ. മദ്ധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കുവച്ചിച്ചതും പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യതന്നെയായിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി അദ്ദേഹം വരും എന്നാണ് പാർട്ടി അണികൾ ഉൾപ്പടെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കി കമൽനാഥിന് മുഖ്യമന്ത്രി സ്ഥാനം നൽകി. ഇതിനെത്തുടർന്ന് സിന്ധ്യ അമർഷത്തിലായി. ഇതിനിടെ സിന്ധ്യയുടെ നീക്കങ്ങളെ കമൽനാഥ് അടിച്ചമർത്താനും തുടങ്ങി. പ്രശ്നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്നാണ് അദ്ദേഹം കോൺഗ്രസിനോട് വിടപറഞ്ഞത്. അതോടെ ഒന്നരവർഷം മാത്രം പ്രായമായ കമൽനാഥ് മന്ത്രിസഭയും നിലംപൊത്തി. സിന്ധ്യയ്‌ക്കൊപ്പം പത്തൊമ്പത് എം എൽ എ മാരാണ് പാർട്ടിവിട്ട് ബി ജെ പിയിലെത്തിയത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി മന്ത്രിസഭയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതും സിന്ധ്യയായിരുന്നു. ഇതിന് പ്രതിഫലമായി ആദ്യം രാജ്യസഭാ അംഗത്വം നൽകി. ഇപ്പോൾ ക്യാബിനറ്റ് മന്ത്രി പദവും.

ഒരിക്കൽ ശിവസേനയിലെ അനിഷേധ്യ നേതാവായിരുന്നു നാരായണ്‍ റാണെ . തന്റെ പിൻഗാമിയായി ബാൽതാക്കറെ മകനെ പ്രഖ്യാപിച്ചതിൽ അമർഷം പൂണ്ട റാണെ പാർട്ടിവിട്ട് കോൺഗ്രസിലെത്തുകയായിരുന്നു. പക്ഷേ, അവിടെയും അദ്ദേഹം നിൽപ്പുറപ്പിച്ചില്ല. തന്നെ കോൺഗ്രസിലെത്തിച്ചവർ കാലുവാരിയെന്നും അപ്രധാന സ്ഥാനങ്ങൾ മാത്രമാണ് നൽകിയതെന്നും ആരോപിച്ച് അദ്ദേഹം പാർട്ടി വിട്ട് ബി ജെ പിയിലെത്തുകയായിരുന്നു. കൊങ്കൺ മേഖലയിൽ ഏറെ സ്വാധീനമുള്ള റാണയെ ബി ജെ പി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ പ്രതിഫലവും നൽകി. കൊങ്കണിലെ സ്വാധീനത്തിന് പുറമേ മഹാരാഷ്ട്രയിൽ ഏറെ സ്വാധീനമുള്ള മറാഠ വിഭാഗക്കാരനുമാണ് അദ്ദേഹം.

പാർട്ടി വിട്ട് ബി ജെ പിയിൽ ചേക്കേറിയ നേതാക്കൾക്ക് പ്രധാന സ്ഥാനങ്ങൾ ലഭിച്ചതോടെ കൂടുതൽ പേർ പാർട്ടിവിടുമെന്ന കടുത്ത ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. സച്ചിൻ പൈലറ്റിനെപ്പോലെ ഏറെ സ്വാധീനമുള്ള യുവ നേതാക്കളിൽ പലരും പാർട്ടിയോട് ഇടഞ്ഞു നിൽക്കുകയാണ്.

Advertisement
Advertisement