ലഹരിയിൽ മുങ്ങി കൊല്ലം  ഒരുമാസത്തിനിടെ പിടികൂടിയത് ക്വിന്റൽ കണക്കിന് ലഹരി വസ്തുക്കൾ

Thursday 08 July 2021 12:44 AM IST

കൊല്ലം: മാരകമയക്കുമരുന്നുകളുടെ ഹബ്ബായി കൊല്ലം നഗരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവും എം.ഡി.എം.എ എന്ന മാരക സിന്തറ്റിക് ലഹരി പദാ‌ർത്ഥങ്ങളും ഉൾപ്പെടെ ക്വിന്റൽ കണക്കിന് ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ്,​ സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവേട്ട.

തിരുവനന്തപുരം നെടുമങ്ങാട് പൂവച്ചൽ ദേശത്ത് ലക്ഷം വീട് കോളനി നമ്പർ 18 ൽ മുഹമ്മദ് ഇൻഫാൽ (25) ഇരവിപുരം സാബു നിവാസിൽ സക്കീർ ഹുസൈൻ (29 ) എന്നിവരാണ് 2.285 ഗ്രാം മെത്തലിൻ ഡയോക്സി മെത്താംമ്പിറ്റാമിനുമായി(എം.ഡി.എം.എ)​ കഴിഞ്ഞദിവസം കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദിന്റെ പിടിയിലായത്. മുഹമ്മദ് ഇൻഫാൽ ബംഗളുരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ ഏജന്റ് മുഖാന്തിരം ഇരവിപുരം റെയിൽവേ സ്റ്റേഷന് സമീപം വച്ച് സക്കീർ ഹുസൈന് കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇരവിപുരം റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മയക്ക്മരുന്ന് ഉപയോഗവും കച്ചവടവും വർദ്ധിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതികൾ പിടിയിലായത്. നഗരത്തിലെ കഞ്ചാവ് മൊത്തവ്യാപാരികളായ ആണ്ടാമുക്കം ഉണ്ണിയെന്ന അനിൽകുമാർ,​ കൂട്ടാളി വേട്ടുതറ സ്വദേശി സുരേഷ് എന്നിവരെ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയതിന് പിന്നാലെ പാരിപ്പള്ളിയിൽ നിന്ന് അരക്വിന്റലോളം കഞ്ചാവ് ശേഖരവും പിടിച്ചെടുത്തു.

കൊല്ലം നഗരവും പരിസര പ്രദേശങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ കമ്പോളമാണ്. ഏതാനും മാസം മുമ്പ് നഗരത്തോട് ചേ‌ർന്ന് കിടക്കുന്ന ആശ്രാമം മൈതാനം കേന്ദ്രീകരിച്ച് എം.ഡി.എം.എയുടെ മൊത്തവിതരണം നടത്തിയിരുന്ന ആശ്രാമം സ്വദേശി ദീപു,​ സഹായി അൽത്താഫ് എന്നിവരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫിനെ (അമൽ -26) ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് നഗരം കേന്ദ്രീകരിച്ച് കാലങ്ങളായി നടന്നുവരികയായിരുന്ന കോടികളുടെ മയക്കുമരുന്ന് വിപണനത്തിന്റെ അറിയാക്കഥകളായിരുന്നു.

കൊല്ലം നഗരത്തിലെ എം.ഡി.എം.എയുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിടിയിലായ ദീപു. ദീപുവിന്റെ സുഹൃത്താണ് കേസിലെ രണ്ടാം പ്രതിയായ അൽത്താഫ്. ദീപു ഉൾപ്പെടെ നിരവധി പേരുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ടുകളും കൊറിയർ ഇടപാടുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അൽത്താഫിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ മയക്കുമരുന്ന് കച്ചവടം നടത്തിയ ഇനത്തിൽ അൽത്താഫ് മുക്കാൽ കോടി രൂപയുടെ ഇടപാട് നടത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മംഗലാപുരം, മുംബെയ്, ചെന്നൈ എന്നിവിടങ്ങളിൽ വേരുകളുള്ള ലഹരിമരുന്ന് റാക്കറ്റിലെ പ്രധാനിയാണ് അൽത്താഫ്.

എം.ഡി.എം.എ മാരക സിന്തറ്റിക് ലഹരി

പാർട്ടി ഡ്രഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ബംഗളുരു കേന്ദ്രീകരിച്ച് ചില വിദേശികളും മറ്റും ചേർന്ന് ചില രാസപദാർത്ഥങ്ങൾ ചേർത്ത് അനധികൃതമായി ഉണ്ടാക്കുന്ന മാരകമയക്ക് മരുന്നാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ നീണ്ട സമയം നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കുമെന്നതിനാൽ നിശാപാർട്ടി കളിലെ സജീവ സാന്നിദ്ധ്യമാണ്. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടു തന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം അതിന് അടിമയാകുകയും ചെയ്യും. ഒരു ഗ്രാം എം.ഡി.എം.എ 5000 മുതൽ ​ 6000 രൂപാ നിരക്കിലാണ് . പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ലഹരി ഉപയോഗിച്ചത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല. മാരകമായി ലഹരിക്ക് അടിമപ്പെട്ടശേഷമാകും വീട്ടുകാർ മക്കൾ ലഹരി ഉപയോഗിക്കുന്ന കാര്യം അറിയുന്നത്. എം.ഡി.എം.എ മാരക രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നതായതിനാൽ ഉപയോഗിക്കുന്നവരിൽ ഗുരുതര ശാരീരിക -മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

മയക്ക് മരുന്നിന് ഓൺലൈൻ ബുക്കിംഗ്

രഹസ്യ കോഡ് ഉപയോഗിച്ച് ലഹരി വിൽപന സംഘങ്ങൾ ഇൻസ്റ്റഗ്രാം വഴിയും ഇരകളെ കണ്ടെത്തുന്നുണ്ട്. രഹസ്യ കോഡുകൾ നൽകുന്ന മുറയ്ക്ക് ഉൽപന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിലയും മെസേജായി അയച്ചു നൽകും. ആവശ്യം അനുസരിച്ച് വാങ്ങാം. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ. പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് അയയ്ക്കുന്ന മുറയ്ക്ക് വിലാസവും ഫോൺ നമ്പറും വാങ്ങി സാധനം കൊറിയറായി അയക്കും. പിന്നാലെ കൊറിയർ അയയ്ക്കുന്ന ഏജൻസിയുടെ പേരും ട്രാക്കിംഗ് ഐ.ഡിയും അടങ്ങിയ സന്ദേശം ആവശ്യക്കാരന് ലഭിക്കും. ഡെലിവറി ചെയ്യുന്ന സമയവും കൃത്യമായി അറിയിക്കും. സിന്തറ്റിക് ലഹരി വൈകാതെ വീടുകളിൽ കൊറിയറായി എത്തുകയും ചെയ്യും .

Advertisement
Advertisement