കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ: കെജ്‌രിവാൾ, മാസംതോറും പെൻഷനും നൽകും

Thursday 08 July 2021 12:51 AM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെൻഷനും പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെൻഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ലഭിക്കുക.

'മുഖ്യമന്ത്രി കൊവിഡ് 19 പരിവാർ ആർതിക സഹായതാ യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണിത്.

ഇന്നലെ ഓൺലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിലൂടെ ആധാറും മൊബൈൽ നമ്പറും ഉപയോഗിച്ച് കുടുംബങ്ങൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. സർക്കാർ പ്രതിനിധികൾ നേരിട്ട് വീടുകളെത്തിയും അപേക്ഷ നൽകാൻ സഹായിക്കും. അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ പ്രതിനിധി വീട്ടിലെത്തി രേഖകൾ പരിശോധിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

ഡൽഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കൊവിഡ് ബാധിച്ചു. കുട്ടികളടക്കം നിരവധി പേർ അനാഥരായി. പല കുടുംബങ്ങൾക്കും വരുമാന മാർഗം നഷ്ടപ്പെട്ടു. ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പദ്ധതിയെന്ന് കെജ്‌രിവാൾ പറഞ്ഞു. മാതാപിതാക്കൾ കൊവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികൾക്ക് 25 വയസുവരെ എല്ലാ മാസവും 2500 രൂപവീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement
Advertisement