തലശേരി ഫസൽ വധം: തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

Thursday 08 July 2021 12:37 AM IST

കൊച്ചി: തലശേരി ഫസൽ വധക്കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സി.ബി.ഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വധക്കേസിൽ പങ്കുണ്ടെന്ന് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്‌ദുൾ സത്താർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

സുബീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സി.ബി.ഐ ഒരന്വേഷണവും നടത്തിയില്ലെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഇതു പരിശോധിക്കാതെ തള്ളിക്കളയുന്നത് ഉചിതമല്ലെന്ന് അഭിപ്രായപ്പെട്ടു. പൊലീസ് കണ്ടെത്തിയ വസ്തുതകൾ സി.ബി.ഐയ്ക്ക് തൃപ്തികരമാകണമെന്നില്ല. എങ്കിലും അവ പരിശോധിക്കുന്നതിൽ തെറ്റില്ല. ഇതേയാവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ എറണാകുളം സി.ബി.ഐ കോടതി തള്ളിയിരുന്നു. ഈ വിധി റദ്ദാക്കിയാണ് തുടരന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

2006 ഒക്ടോബർ 22 ന് പുലർച്ചെ മൂന്നരയോടെ പത്രവിതരണത്തിനു പോയ ഫസലിനെ തലശേരി ജെ.ടി. റോഡിൽവച്ച് സി.പി.എം പ്രവർത്തകരായ പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഫസലിന്റെ ഭാര്യ മറിയു നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിലേക്ക് പോയ വൈരാഗ്യത്തെത്തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കം എട്ടു പ്രതികൾക്കെതിരെ കുറ്റപത്രവും നൽകി.

2016ൽ കൂത്തുപറമ്പ് സ്വദേശിയായ സി.പി.എം പ്രവർത്തകൻ മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷ് എന്നു വിളിക്കുന്ന സുബീഷ്, കണ്ണവം സ്വദേശിയായ സി.പി.എം പ്രവർത്തകൻ പവിത്രനെയും തലശേരിയിലെ ഫസലിനെയും കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന് പൊലീസിൽ കുറ്റസമ്മതം നടത്തി. ഇതു വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് ദൃശ്യങ്ങളും രേഖകളും ഡി.ജി.പി മുഖേന സി.ബി.ഐയ്ക്ക് കൈമാറി. എന്നാൽ ഇത് മതിയായ തെളിവല്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. തുടർന്നാണ് തുടരന്വേഷണം വേണമെന്ന ആവശ്യവുമായി സത്താർ ഹൈക്കോടതിയെ സമീപിച്ചത്. ഫസൽ കൊല്ലപ്പെടുന്ന സമയത്ത് തലശേരിയിൽ ആർ.എസ്.എസ് - എൻ.ഡി.എഫ് സംഘർഷം നിലനിന്നിരുന്നതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടരന്വേഷണത്തെ സി.ബി.ഐയും സുബീഷും എതിർത്തു. അന്യായമായി തടവിലാക്കി പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് സുബീഷ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണെന്നാരോപിച്ച് ഫസലിന്റെ ഭാര്യയും ഹർജിയെ എതിർത്തിരുന്നു.

 കാരായിമാരുടെ ഹർജി മാറ്റി

ഫസൽ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്നും എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ ഇളവു ചെയ്യണമെന്നും ആവശ്യപ്പെട്ട് കേസിലെ ഏഴും എട്ടും പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നൽകിയ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement