മറിഞ്ഞ സ്‌പിരിറ്റ് ‌ടാങ്കർ തിരുവല്ലയിലേക്ക് യാത്ര തുടർന്നു

Thursday 08 July 2021 12:57 AM IST

ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്പിരിറ്റ് നിറച്ച ടാങ്കർ ലോറിയുടെ തകരാർ പരിഹരിച്ച് ഇന്നലെ വൈകിട്ട് തിരുവല്ലയ്ക്ക് കൊണ്ടുപോയി. ഉത്തർപ്രദേശിൽ നിന്നു തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനായി സ്പിരിറ്റ് കൊണ്ടുപോകുമ്പോൾ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തരക്കായിരുന്നു അപകടം. റോഡിന്റെ വശത്തെ പാടത്തേക്ക് മറിഞ്ഞതോടെ ടാങ്കറിന്റെ മൂടിയിലൂടെ സ്പിരിറ്റ് ചോർന്നു. പിന്നീട് ക്രെയിനുകൾ കൊണ്ടുവന്ന് ഉയർത്തുകയായിരുന്നു. എത്രത്തോളം സ്പിരിറ്റ് ചോർന്നുവെന്നത് സംബന്ധിച്ച് കൃത്വമായ കണക്ക് ലഭ്യമല്ല. ലോറിയുടെ ബ്രേക്കിന് തകരാർ സംഭവിച്ചതായി മോട്ടർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ചശേഷം ഇന്നലെ വൈകിട്ട് 3.30ഓടെയാണ് തിരുവല്ലയ്ക്ക് കൊണ്ടുപോയത്. ഇന്നലെ രാവിലെ എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയ്യാറാക്കി ലോറി കൊണ്ടുപോകുവാൻ അനുവാദം നൽകിയിരുന്നു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സിൽ നേരത്തെ നടന്ന സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ലോറി പരിശോധിക്കുകയും സ്പിരിറ്റിന്റെ അളവും ഗുണനിലവാരവും രേഖപ്പെടുത്തുകയും ചെയ്യും.

Advertisement
Advertisement