അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു

Thursday 08 July 2021 10:33 AM IST

​​​കോഴിക്കോട്: മുൻ എം എൽ എ, കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ അദ്ദേഹത്തെ ഇന്നലേയും ചോദ്യം ചെയ്‌തിരുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ലോക്ക്‌ഡൗണിനെ തുടർന്ന് മന്ദഗതിയിലായ അന്വേഷണം വീണ്ടും സജീവമാക്കാനാണ് വിജിലൻസ് നീക്കം. ഇതിന്‍റെ ഭാഗമായാണ് ഷാജിയെ വിളിച്ച് വരുത്തിയത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ്‌ വിവരം.

കണ്ണുരിലെ വീട്ടിൽ നിന്ന്‌ കണ്ടെടുത്ത 47 ലക്ഷത്തിൽപ്പരം രൂപയുടെ രേഖകൾ ഹാജരാക്കിയതിലും പൊരുത്തക്കേടുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്‍റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

മണ്ഡലം കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് തന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും പറഞ്ഞിരുന്നു. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.