ജിമ്മുകൾ തുറന്നു , മസിലന്മാർ ഹാപ്പി

Friday 09 July 2021 12:40 AM IST

കോട്ടയം : സമസ്ത മേഖലകളിലെയും ഇളവിന് പിന്നാലെ ജിമ്മുകൾ തുറന്നതോടെ മസിലൻമാരും ട്രെയിനർമാരും ഹാപ്പിയായി. മൂന്ന് മാസത്തോളമായി അടഞ്ഞു കിടന്ന ജിംനേഷ്യങ്ങൾ തൂത്ത് തുടച്ചും ഉപകരണങ്ങൾ അറ്റകുറ്റപ്പണിയും നടത്തി സജ്ജമാക്കിയിരുന്നു. ലോക്ക് ഡൗണിനും ഒരാഴ്ച മുന്നേ ജിമ്മുകൾക്ക് താഴ് വീണതാണ്. ലക്ഷങ്ങൾ ലോണെടുത്ത് ഉന്നത നിലവാരമുള്ള ഉപകരണങ്ങളാണ് പലയിടത്തുമുള്ളത്. ഉപയോഗിക്കാതെ കിടന്ന് ഇവ നാശത്തിന്റെ വക്കിലെത്തിയിരുന്നു. സ്ഥിരമായി ഓയിൽ നൽകി ഉപയോഗിക്കേണ്ട ട്രെഡ്മിൽ ഉൾപ്പടെയുള്ളവ സർവീസ് ചെയ്ത് ശരിയാക്കി. മൾട്ടിമെഷീൻ പോലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ സർവീസ് ഇനത്തിൽ മാത്രം ലക്ഷങ്ങൾ ചെലവായെങ്കിലും വീണ്ടും സജീവമാകുന്നതോടെ നഷ്ടം നികത്താമെന്നാണ് പ്രതീക്ഷ. ചില ഉടമകൾ വാടക ഒഴിവാക്കിയത് മാത്രമാണ് ലോക്ക് ഡൗൺ കാലത്തെ ഏക ആശ്വാസം. ഓരോ ജിമ്മുകളുടേയും വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി തുറക്കുന്ന സമയവും മറ്റ് ക്രമീകരണങ്ങളും ഉപഭോക്താവിനെ അറിയിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം തുടങ്ങിയത്.

തീരുന്നത് നീണ്ട കാത്തിരിപ്പ്

ബോഡി ബിൽഡർമാർ, പവർ ലിഫ്റ്റിംഗ് താരങ്ങൾ, ജീവിതശൈലീരോഗങ്ങൾക്ക് ചികിത്സതേടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗക്കാരാണ് സ്ഥിരമായി എത്താറുള്ളത്. വർക്കൗട്ട് ശരിയാവാതെ സങ്കടത്തിലായിരുന്നു ഇവരെല്ലാം. ഇതിന് പുറമെ യോഗാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.

നിബന്ധനകളിങ്ങനെ

 ഒരേ സമയം 20 പേർ മാത്രം, ഒരാൾക്ക് പരമാവധി ഒരു മണിക്കൂർ

 താപനില പരിശോധിച്ച് മാത്രം പ്രവേശനം, സാനിറ്റൈസർ നിർബന്ധം

ഉപയോഗിച്ച മെഷീൻ അണുവിമുക്തമാക്കണം

 ടൗവ്വലും ഷൂസും അടക്കം വ്യക്തിപരമായി ഉപയോഗിക്കണം

'' കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് തുറന്നത്. ആദ്യദിനത്തിൽ പുതിയ അഡ്മിഷനും ലഭിച്ചിട്ടുണ്ട്. തുറന്നാൽ നന്നായി മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. രണ്ടാം തവണ ജിം അടച്ചത് പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കാളിത്തം കുറയാൻ കാരണമാകും

അരുൺ ആന്റണി, ഉടമ, മസിൽ ടെക് ജിംനേഷ്യം

Advertisement
Advertisement