'മിൽമ ഓൺ വീൽസ്' ഇന്ന് തുറക്കും

Saturday 10 July 2021 12:00 AM IST

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ മിൽമ ബൂത്തൊരുക്കുന്ന പദ്ധതിയായ 'മിൽമ ഓൺ വീൽസ്' തൃശൂരിലും. പാലുൾപ്പെടെ മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഈ സ്റ്റാളിൽ നിന്ന് ലഭിക്കും. ഐസ്‌ക്രീം പാർലറും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. മിൽമയുടെ മദ്ധ്യമേഖലാ യൂണിയനായ എറണാകുളം മേഖല കൊച്ചിയിലും തൃശൂരിലും കോട്ടയത്തുമാണ് ആദ്യഘട്ടത്തിൽ ഇത്തരം സ്റ്റാളുകളൊരുക്കുകയെന്ന് ചെയർമാൻ ജോൺ തെരുവത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേഖലാ യൂണിയന് കീഴിലുള്ള ആദ്യ സംരംഭം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ വെള്ളിയാഴ്ച്ച രാവിലെ 10ന് സംസ്ഥാന ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എട്ടു ലക്ഷം രൂപയാണ് ബസിന്റെ ചെലവ്.

പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ മുഖ്യ പ്രഭാഷണം നടത്തും. മേയർ എം.കെ. വർഗ്ഗീസ് ആദ്യ വിൽപ്പന നിർവഹിക്കും. വാർഡ് കൗൺസിലർ വിനോദ് പോഞ്ഞാശ്ശേരി ആദ്യ വിൽപ്പന സ്വീകരിക്കും. മിൽമ ബസിലെ ഐസ്‌ക്രീം പാർലർ ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. മിൽമയുടെ പാലും ഐസ്‌ക്രീം ഉൾപ്പെടെ എല്ലാ പാൽ ഉത്പന്നങ്ങളും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ലഭ്യമാകുമെന്നും മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, ക്ഷീരസഹകരണ ക്ഷീരോത്പാദന യൂണിയൻ ഭാരവാഹികളായ ഭാസ്‌കരൻ ആദംകാവിൽ, താര ഉണ്ണിക്കൃഷ്ണൻ, അഡ്വ. ജോണി ജോസഫ്, സോണി ഈറ്റക്കൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement