ഹെയ്തി പ്രസിഡന്റിന്റെ വധം : നാല് കുറ്റവാളികളെ വധിച്ചു

Friday 09 July 2021 1:58 AM IST

  • രണ്ട് പേർ അറസ്റ്റിലായി


പോർട്ട് ഒ പ്രിൻസ് : ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോസെയുടെഘാതകരായ 4 പേരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചതായി ഹെയ്തി പൊലീസ് തലവൻ ലിയോൺ ചാൾസ് അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും അക്രമികളുമായുളള പോരാട്ടം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യം നിറവേറ്റിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട അക്രമികളെ ആ സമയം മുതൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എന്നാൽ അക്രമികളെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അക്രമികൾ തടവിലാക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരേയും സുക്ഷാ സേന മോചിപ്പിച്ചു.

രാജ്യത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഹെയ്തിയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായിആയിരങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സംഘർഷത്തിനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സർക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാൻ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് അഭ്യർത്ഥിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റായ ഹൊവനൈൽ മോസെ ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ മാർട്ടിന മോസെ ആശുപത്രിയിൽ ചികിത്സയിലാണ്. 2017 ൽ അധികാരമേറ്റ മോസെ വിവാദമായ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങൾക്കു തുടക്കമിട്ടിരുന്നു.സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ രാജ്യ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് മുൻപും മൊസെയ്‌ക്കെതിരെ പല തവണ വധശ്രമം നടന്നിട്ടുണ്ട്.

Advertisement
Advertisement