തീരം തകർക്കും തിരകളെ മെരുക്കാൻ

Friday 09 July 2021 12:35 AM IST

''നാളെ രാവിലെ ആറുമണിമുതൽ അടുത്ത നാല്പത്തിയെട്ട് മണിക്കൂറുകൾ കടൽ പ്രക്ഷുബ്ധമായിരിക്കും. തീരത്ത് വൻ തിരമാലകൾക്കും കരയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത. മുൻകരുതലുകൾ സ്വീകരിക്കുക.'' ഇത്തരം വാർത്തകൾ ഇന്ന് സാധാരണമാണ്. ദശകങ്ങൾക്ക് മുൻപ് കേരളത്തിലെ ഏത് കടൽത്തീരത്തും കാല് നനയ്ക്കാം, കടൽ കണ്ടിരിക്കാം, അസ്തമന സൂര്യനെ ആസ്വദിക്കാം, മീൻപിടിക്കാൻ വള്ളമിറക്കാം എന്ന നിലയിലായിരുന്നു. ഏകദേശം 600 കിലോമീറ്ററോളം കടൽത്തീരമുള്ള കേരളത്തിലിന്ന് 150 കിലോമീറ്ററോളം മാത്രമേ അപകട രഹിതമായ തീരമുള്ളൂ എന്നതാണ് ഒരു കണക്ക്. ബാക്കിയുള്ള തീരം മുഴുവനും കടലാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. തീരങ്ങൾ കാർന്നുതിന്നും, തീരത്തെ ഭവനങ്ങൾ തകർത്തും കടൽ ഇന്ന് തീരദേശ റോഡുകൾ ആക്രമിക്കുന്ന സ്ഥിതിയിലാണ്. കല്ലുകളിട്ടും പാറകൾ നിരത്തിയും കയർ വലകളും മണ്ണുചാക്കുകളും നിരത്തിയും ഒക്കെ ശ്രമിച്ചിട്ടും കടൽ അടങ്ങുന്നില്ല. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കടൽത്തീരങ്ങളിലും അവസ്ഥ ഇതു തന്നെയാണ്.

കടലിന്റെ ഈ മാറ്റത്തിന് എന്താണ് കാരണം ? പഠനങ്ങളും വിലയിരുത്തലുകളും നടക്കുന്നു. കടൽ വളരുകയാണോ? സ്ഥിരമായി കടലൊഴുക്കുകളും കാലാവസ്ഥയും കൊണ്ട് ഭൂമിയും കടലും വളരെ രമ്യതയിലായിരുന്നു. ഈ രമ്യതയ്ക്ക് മാറ്റം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ? വ്യാവസായിക വിപ്ലവത്തിന് ശേഷം കടലിലേക്ക് ഒഴികിയെത്തുന്ന ജലം നിറയെ ഭൂമിയിലെ മാലിന്യങ്ങളാണ്. ഭൂമിയിൽ നിന്ന് കുഴിച്ചെടുത്ത് ഉപയോഗിച്ചശേഷം ഭൂഗർഭജലവും നദികളിലൂടെ കടലിലെത്തുന്നു. ഗാർഹിക മാലിന്യങ്ങളായ എണ്ണ, കൊഴുപ്പ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ, കീടനാശിനികൾ, ശുചീകരണത്തിന് ഉപയോഗിക്കുന്ന
രാസവസ്തുക്കൾ, വ്യവസായശാലകളിലെ കൊഴുപ്പുകൾ, എണ്ണകൾ, ക്ഷാരങ്ങൾ, അമ്ലങ്ങൾ, ആസ്ബറ്റോസ്, ലോഹങ്ങളും സങ്കരവസ്തുക്കളും, രണ്ടായിരത്തിലേറെ വിവിധങ്ങളായ പ്ലാസ്റ്റിക്കുകൾ എന്നു തുടങ്ങി ഉപയോഗം കഴിഞ്ഞവസ്തുക്കൾ ഖരമാലിന്യങ്ങളായും ദ്രവമാലിന്യങ്ങളായും കടലിലെത്തുന്നു. ഒരു ലിറ്റർ വെള്ളം അതിന് വഹിക്കാവുന്നതിലും അധികം മാലിന്യവുമായി കടലിലെത്തുമ്പോൾ കടലിന് സ്ഥലം പോരാതെ വരുന്നു. കടൽനിരപ്പ് ഉയരുന്നു. കടൽ കരയിലേക്ക് കയറുന്നു.

ഭൂമിയിലെ തരംതിരിക്കാത്ത മാലിന്യങ്ങൾ, വൻ നെരിപ്പോടുകളിൽ മാലിന്യം കത്തിയമർന്നു കിട്ടുന്ന ചാരം, വേണ്ടാത്ത കൊഴുപ്പ്, എണ്ണ, ക്ഷാരം, അമ്ലം എന്നിവ, ഉപയോഗം കഴിഞ്ഞ ബോട്ടുകൾ, കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധാവശ്യത്തിന് നിർമിച്ച ആണവ കേന്ദ്രങ്ങൾ തുടങ്ങി വേണ്ടാത്ത വസ്തുക്കളെല്ലാം തന്നെ കടലിൽ നിക്ഷേപിച്ചിരിക്കുന്നതായി കാണാം. ഇരുന്നൂറിലേറെ അണുബോംബുകൾ പൊട്ടിച്ച് പരീക്ഷണം നടത്തിയത് കടലിനുള്ളിലാണ്. ആദ്യകാല അണുപ്രകരണം ഏറ്റുവാങ്ങിയ ഭൂമിയിലെ മണ്ണും വാഹന വ്യൂഹങ്ങളും, പരീക്ഷണ മൃഗങ്ങളും എല്ലാം കടലിലാണ് തള്ളിയത്. പസഫിക് കടലിടുക്കുകളിലെ പല ദ്വീപുകളിലും ഇന്ന് അണുപ്രസരണശേഷിയുള്ള ഭൂമിയും, മണ്ണും, ജലവും,
വൃക്ഷലതാദികളും നിലനില്‌ക്കുന്നു. കടലിൽ നാനാദേശത്തു നിന്നും എത്തുന്ന ജലം പല താപനിലയിലുള്ളതായിരിക്കും. അണുവൈദ്യുതി നിലയങ്ങളിലെ ഊർജകേന്ദ്രങ്ങൾ തണുപ്പിക്കാനായി ഓരോ മണിക്കൂറും ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ ജലം തിരിച്ചെത്തുന്നത് തിളച്ചുമറിയുന്ന ചൂടിലാണ്. കടലിലൂടെ യാത്ര ചെയ്യുന്ന യാനങ്ങളും കൂടിയ താപനിലയിലെ ജലം കടലിൽ തള്ളുന്നു. കടലിന്റെ ഈ കലി വ്യാപ്തി വർദ്ധിക്കുന്ന കടൽ സ്ഥലം തേടി നടത്തുന്ന ശ്രമത്തിന്റെ പരിണതഫലമെന്ന് കരുതേണ്ടിയിരിക്കുന്നു, .

പച്ചമരങ്ങൾ മുറിച്ചുമാറ്റി സൂര്യന്റെ ചൂട് പകൽ ആഗിരണം ചെയ്തശേഷം രാത്രിയിലും നമുക്ക് ഉഷ്ണം തരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. ഉള്ള മുറ്റത്തും ഇന്റർലോക്ക് ഇടുന്നു. ഊർജാവശ്യങ്ങൾക്കായി കൽക്കരി, പെട്രോളിയം തുടങ്ങിയവ കത്തിച്ച് കാർബൺഡയോക്‌സൈഡും മറ്റ് പ്രതിപ്രവർത്തനങ്ങളിലൂടെ നൈട്രസ് ഓക്‌സൈഡ്, ഓസോൺ, ഹൈഡ്രോ ഫ്ളൂറോ കാർബൺ, ഫ്ളൂറോ കാർബൺ എന്നീ വാതകങ്ങളും അന്തരീക്ഷത്തിൽ കലർത്തുന്നു. സൂര്യതാപത്തോടൊപ്പം മേല്പറഞ്ഞ വാതകങ്ങളും ഭൂമിയിലെ
വായുവിന്റെ താപം വളരെ അധികം ഉയർത്തുന്നു. പ്രകൃത്യാലുള്ള കാട്ടുതീയ്‌ക്കും,പുൽമേടുകൾ കത്തുന്നതിനും ഈ താപവർദ്ധന കാരണമാകുന്നു. ഇത്തരം വ്യാപകമാവുന്ന തീ വായുവിന്റെ താപനില വീണ്ടും വർദ്ധിപ്പിക്കുന്നു. ഭൂമിയിലുയരുന്ന ചൂട് വായു വികസിച്ച് താരതമ്യേന താപനില കുറഞ്ഞ കടലിനു മുകളിലേക്കാണ് നീങ്ങുക. ഉയർന്ന താപനിലയിലെത്തുന്ന വായു കടലിലെ തണുത്ത കാറ്റിൽ ചലനവും ജലത്തിൽ താപനവും സൃഷ്ടിക്കും. ഈ മാറ്റങ്ങൾ ബാഷ്പീകരണം, ശക്തിയേറിയ കാറ്റ്, ചുഴലി എന്നിവയുടെ ഉത്ഭവത്തിന് കാരണമാകും.

ഭൂമിയെപ്പോലെ കടലും നമുക്ക് അമ്മയാണ്. കടൽ നിറയെ ജീവജാലങ്ങളാണ്. വൻ തിമിംഗലങ്ങൾ തുടങ്ങി മത്സ്യങ്ങളും ചെടികളും ഏകകോശ ജീവികളും കടലിലുണ്ട്. ഇവയ്‌ക്കെല്ലാം ആഹാരവും പ്രജനനത്തിന് ആവശ്യമായ സാഹചര്യങ്ങളും, ഒഴുക്കും കടൽ പ്രദാനം ചെയ്യുന്നു. കടലിലെത്തിച്ചേരുന്ന മാലിന്യങ്ങളും താപവ്യത്യാസമുള്ള ജലശേഖരവും കടലിലെ ജലത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തിയിരിക്കുന്നു.
മത്സ്യത്തൊഴിലാളി ക്ഷോഭിച്ച കടലിനെ അഭിമുഖീകരിക്കേണ്ടി വരുന്നു , വള്ളമിറക്കാനാവാത്ത തിരയ്ക്കും, പട്ടിണിക്കും മരണത്തിനും കണക്കില്ല. ഭൂമിയുടെ ചൂട് കടലിനെ കലിപിടിപ്പിക്കുന്നു.

എന്താണ് പോംവഴി?

കടലിലേക്ക് ഭൂമിയിൽ നിന്നൊഴുകുന്ന ജലത്തിൽ മാലിന്യം പാടില്ല. കരയിൽ മരങ്ങൾ വച്ചു പിടിപ്പിക്കണം. കരി, പെട്രോൾ ഉത്പന്നങ്ങളുടെ ഉപയോഗം വൻതോതിൽ കുറയ്ക്കണം, ഊർജ ഉത്‌പാദനം, കാർബൺ ഡൈഓക്‌സൈഡ്, ഗ്രീൻ ഹൗസ് ഗ്യാസ് എന്നിവ വളരെ നിയന്ത്രിക്കുക. കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ഊർജം പരമാവധി പ്രയോജനപ്പെടുത്തുക. കടലാണ് കാലാവസ്ഥ നിയന്ത്രിക്കുന്നത്. മലിനീകരണം തുടരുകയും, ഭൂമിയിൽ താപം വർദ്ധിപ്പിക്കുന്ന വാതകങ്ങളുടെ ഉത്‌പാദനം ഉയരുകയും ചെയ്യുകയാണെങ്കിൽ സമുദ്രനിരപ്പ്
ഉയരും. കടൽ കലുഷിതമായി പെരുമാറും. വെള്ളപ്പൊക്കവും ക്ഷാമവും അടുത്തടുത്ത് വന്ന് കൃഷിയും നശിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് ഉത്തരവാദികളല്ലാത്ത സാധാരണക്കാരായിരിക്കും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.

(ലേഖകൻ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ടോക്‌സികോളജി വിഭാഗം മുൻ മേധാവിയായിരുന്നു. ഫോൺ: 9447777985 )

Advertisement
Advertisement