ലോറിയിൽ മാവും പ്ലാവും ചാമ്പയും തുടങ്ങി വിവിധ ചെടികളുടെ തൈകൾ; രഹസ്യ അറയിൽ 60 കിലോ കഞ്ചാവ്, പിടികൂടി എക്‌സൈസ്

Friday 09 July 2021 8:26 AM IST

പാലക്കാട്: വടക്കഞ്ചേരിയിൽ ചെടി വിൽപ്പനയുടെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. വയനാട് സ്വദേശികളായ സുനു ആന്‍റണി, നിഖിൽ എന്നിവരെയാണ് സ്‌റ്റേറ്റ് എക്സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടിയത്. ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

ആന്ധ്രയിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ലോറിയിൽ എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിട്ട് എത്തിച്ച് നൽകുകയാണ് പതിവെന്ന് പിടിയിലായവർ മൊഴി നൽകി. എക്സൈസ് സ്റ്റേറ്റ് സ്പെഷ്യൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരാഴ്‌ച വാഹനത്തിന്‍റെ നീക്കം പിന്തുടർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് കടത്ത് സംഘം സ്‌റ്റേറ്റ് സ്പെഷ്യൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ പരിശോധനയിൽപ്പെട്ടത്.

പുറമെ നിന്ന് നോക്കിയാൽ വിൽപ്പനയ്ക്കുള്ള ചെടിയുമായി പോകുന്ന ലോറിയായേ തോന്നുകയുളളൂ. യാതൊരു സംശയത്തിനും ഇടയില്ലാതെയായിരുന്നു കടത്ത്. മാവും പ്ലാവും ചാമ്പയും തുടങ്ങി വിവിധ ചെടികളുടെ തൈകൾ ലോറിയുടെ മുകളിലായുണ്ട്. ഇതിനു താഴെയുള്ള രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.