ലോകത്തെ ഏറ്റവും ഭാരം കൂടിയ ചെറി ഇതാ ഇവിടെയുണ്ട്

Friday 09 July 2021 2:12 PM IST

വിറ്റാമിനുകളുടെ കലവറയായ ചെറിപഴങ്ങൾക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. തിളങ്ങുന്ന ചുവന്ന നിറത്തോടെയുള്ള ചെറിപ്പഴങ്ങൾക്ക് ഏറെ ആരോഗ്യഗുണങ്ങളാണുള്ളത്. സാധാരണ തണുത്ത കാലാവസ്ഥയിൽ വളരുന്ന ചെറികൾക്ക് പേരുകേട്ട രാജ്യമാണ് ഇറ്റലി. ഇപ്പോഴിതാ ലോകത്തെ ഏറ്റവും വലുതും ഭാരം കൂടിയതുമായ ചെറിപ്പഴത്തിന്റെ വിളവെടുപ്പ് നടന്നിരിക്കുകയാണ് ഇറ്റലിയിൽ. കാർമൻ ഇനത്തിൽപ്പെട്ട ഈ ചെറികൾക്ക് പിന്നിൽ പിസെറ്റോ ടോറിനേസെ പ്രദേശത്തെ ആൽബർട്ടോ, ജസെപ്പി റോസോ എന്നീ കർഷകരാണ്.

ഒരു നൂറ്റാണ്ടിലേറെയായി പരമ്പരാഗതമായി ചെറി കൃഷി പിന്തുടർന്ന് വരുന്ന കുടുംബമാണ് ഇവരുടേത്. 33.05 ഗ്രാമാണ് ഒരു ചെറിയുടെ ഭാരം. നേരത്തെയും ലോകത്തെ ഏറ്റവും ഭാരം കൂടിയ ചെറിയെന്ന റെക്കോർഡ് ഇറ്റലിയിൽ നിന്ന് തന്നെയായിരുന്നു. ഹംഗറിയിൽ ഉത്ഭവിച്ച കാർമെൻ ചെറികൾക്ക് പൊതുവെ വലിപ്പം കൂടുതലാണ്. കടുംചുവപ്പ് നിറമുള്ള ഇവയ്ക്ക് രുചിയും കൂടുതലാണ്. ഈ വർഷം ഫെബ്രുവരിയിൽ ഫെരാര മേഖലിയിൽ വിളവെടുത്ത ചെറിയുടെ ഭാരം 26.45 ഗ്രാം ആയിരുന്നു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ ചെറി കർഷകർ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, ഇപ്പോൾ ഭീമൻ ചെറി ഉത്പാദിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കർഷകർ. യൂറോപ്യൻ യൂണിയനിലെ പ്രധാന ചെറി ഉത്പാദകരാണ് ഇറ്റലി.

Advertisement
Advertisement