ഈ ജനക്കൂട്ടം അധികൃതർ കാണുന്നില്ലേ?, വൈക്കത്തെ ബിവറേജസ് ഔട്ട് ലെറ്റ് കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിക്കുന്നു

Saturday 10 July 2021 12:00 AM IST

വൈക്കം: കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ജീവൻ പണയം വച്ചിറങ്ങുന്ന സന്നദ്ധ പ്രവർത്തകർക്കെതിരെ കേസെടുക്കും. ബീവറേജസിന്റെ മദ്യവില്പന ശാലയ്ക്ക് മുന്നിൽ തലകുത്തി മറിഞ്ഞാലും പൊലീസിനു കുഴപ്പമില്ല. മദ്യം - അത് അവശ്യവസ്തുവല്ലേ!

വൈക്കത്തു ബീവറേജസ് ഔട്ട് ലെറ്റ് കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിക്കുന്നുവെന്ന് മാത്രമല്ല, ഒരു പ്രദേശത്തെ ജനങ്ങളുടെയാകെ സ്വൈര്യജീവിതം ഇല്ലാതാക്കുകയുമാണ്. മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുള്ള ഇടവഴിയിൽ ഇരുനൂറ് മീറ്ററോളം ഉള്ളിലാണ് ബീവറേജസ് ഒൗട്ട് ‌ലെറ്റ്. ഇവിടേക്കുള്ള വഴിയിൽ നിരവധി സ്ഥാപനങ്ങളുണ്ട്. വനിതാ ഡോക്ടർമാർ നടത്തുന്ന ദന്താശുപത്രിയും മറ്റൊരു ക്ലിനിക്കും ഇതിലുൾപ്പെടുന്നു. റോഡിന്റെ അവസാനഭാഗത്താണ് ബെവ്കോ ഒൗട്ട്‌ ലെറ്റ്. ഇവിടേയ്ക്ക് വരുന്നവർ റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് ആശുപത്രിയിലേക്ക് കടന്നു ചെല്ലാനാവില്ല. റോഡിലെ മറ്റ് സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളു‌ടെ സ്ഥിതിയും ഇതുതന്നെയാണ്. നടുറോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ കച്ചവടക്കാരാരെങ്കിലും ചോദ്യം ചെയ്താൽ അസഭ്യവർഷമാണ് ഉണ്ടാവുക.

ബീവറേജസ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഔട്ട്‌ ലെറ്റിന്റെ കൗണ്ടറുകൾ പിന്നിലേക്ക് മാറ്റിയാൽ മദ്യം വാങ്ങാൻ വരുന്നവരിൽ കുറച്ച് പേരെങ്കിലും വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുകയും റോഡിലെ ഗതാഗതക്കുരുക്കിന് നേരിയ തോതിലെങ്കിലും പരിഹാരമാവുകയും ചെയ്യുമെന്ന് നിർദ്ദേശം ഉയർന്നതാണ്. പക്ഷേ ബിവറേജസ് അധികൃതർ അതിന് തയ്യാറല്ല. ഔട്ട് ലെറ്റിലേക്ക് ആളുകൾ കൂട്ടത്തോടെ കയറാതിരിക്കാൻ മുന്നിൽ മുനിസിപ്പൽ റോഡിന് കുറുകെ അനധികൃതമായി ഗേറ്റ് സ്ഥാപിച്ച് അടച്ചിട്ടുമുണ്ട്. ഔട്ട് ലെറ്റിന്റെ കൗണ്ടറിന് മുന്നിൽ മാത്രമാണ് കൊവിഡ് നിയന്ത്രണമുള്ളത്. അവിടെ നിന്ന് പ്രധാന റോഡ് വരെ റോഡിൽ മദ്യം വാങ്ങാനെത്തുന്നവർ കൂട്ടം കൂടി നിൽക്കുന്നതാണ് പതിവ് കാഴ്ച. ഇന്നലെ തിരക്ക് കൂടിയതിനെ തുടർന്ന് പൊലീസെത്തി ആളുകളെ വരിയായി നിർത്തിയെങ്കിലും തിക്കിനും തിരക്കിനും കുറവൊന്നുമുണ്ടായില്ല. ഔട്ട് ലെറ്റിൽ ആവശ്യത്തിന് കൗണ്ടറുകളും ജീവനക്കാരും ഇല്ലാത്തതും തിരക്ക് വർദ്ധിക്കാൻ ഇടയാക്കുന്നു.

കോടതി ഉത്തരവിനും പുല്ലുവില!

പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ ഈ റോഡിലെ സ്ഥാപനമുടമകൾ കോടതിയെ സമീപിക്കുകയും വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതുമായി പൊലീസിനെ സമീപിച്ചപ്പോൾ റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്തു കൊടുക്കാനാണ് നിർദ്ദേശിച്ചത്. ഫോട്ടോയെടുത്ത് നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊടുത്തു. പക്ഷേ നടപടിയൊന്നുമുണ്ടായില്ല.

Advertisement
Advertisement