യാത്രാ ദുരിതത്തിന് അറുതി

Saturday 10 July 2021 12:06 AM IST

കണ്ണൂർ: ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച കേരള, കർണാടക ട്രാൻസ്പോർട്ട് ബസ് സർവീസുകൾ 12 മുതൽ യാത്ര തുടങ്ങും. ഇതോടെ മാസങ്ങളായി നീണ്ട യാത്രാ ദുരിതത്തിന് പരിഹാരമാകും. ഓണം, ബക്രീദ് തുടങ്ങിയ സീസണുകളിൽ നാട്ടിലേക്ക് വരാനിരിക്കുന്ന കൂടുതൽ മലയാളികൾക്ക് ബസ് സർവീസ് ആശ്വാസമാകും. യാത്രക്കാർ ആവശ്യപ്പെടുന്ന മുറക്ക് അധിക സർവീസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം.

ജില്ലയിൽ കണ്ണൂർ ഡിപ്പോയിൽനിന്ന് മാത്രമാണ് ആദ്യഘട്ടത്തിൽ സർവീസുകൾ ഉണ്ടാകുക. രാവിലെ 7.30, രാത്രി 9.30 എന്നിങ്ങനെ രണ്ട് ബസുകളാണ് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്. ഇവ തിരിച്ച് രാത്രി 9.30നും രാവിലെ ഒമ്പതിനും കണ്ണൂരിലേക്ക് പുറപ്പെടും. തലശ്ശേരി, പയ്യന്നൂർ ഭാഗങ്ങളിൽനിന്നും സർവീസ് തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. കർണാടക സർക്കാറിന്റെ ആർ.ടി.സി ബസുകളും 12 മുതൽ ഓടിത്തുടങ്ങും.

വേണം നെഗറ്റീവ് സർട്ടിഫിക്കറ്റ് , വാക്സിൻ സർട്ടിഫിക്കറ്റ്

യാത്ര ചെയ്യേണ്ടവർ കർണാടക സർക്കാറിന്റ കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം.

മൈസൂരു സർവീസിൽ തീരുമാനമായില്ല

മൈസൂരു വരെയുള്ള ബസുകൾ ഓടേണ്ട കാര്യത്തിൽ തീരുമാനമൊന്നുമായില്ല. യാത്രക്കാർ അധികമുണ്ടെങ്കിൽ മൈസുരു ബസുകളും ഓടിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ബസുകൾ സർവീസ് നടത്താത്തതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലാണ് ബംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും ചുരംകടന്ന് ജില്ലയിലെത്തുന്നത്. എൻജിനീയറിംഗ്, മെഡിക്കൽ മേഖലകളിൽ ജോലിചെയ്യുന്നവരും വിദ്യാർത്ഥികളും വ്യാപാരികളും അടക്കം ജില്ലയിലെയും മാഹിയിലെയും നിരവധിപേരാണ് ബെംഗളൂരു, മൈസൂരു, കുടക് ഭാഗങ്ങളിലുള്ളത്.

Advertisement
Advertisement