ഫസൽ വധക്കേസ് , ദുരൂഹത മാറാതെ ഒന്നരപ്പതിറ്റാണ്ട് പുനരന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

Saturday 10 July 2021 1:04 AM IST

കണ്ണൂർ: സി.പി.എം വിട്ട് എൻ.ഡി.എഫിൽ ചേരുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തലശേരിയിലെ മുഹമ്മദ് ഫസൽ വധക്കേസിൽ സി.ബി.ഐയുടെ തന്നെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ കേസിന് വീണ്ടും രാഷ്ട്രീയ പ്രാധാന്യമേറുകയാണ്. സി.പി.എം നേതാക്കൾ പ്രതികളാക്കപ്പെട്ട കേസിൽ യഥാർത്ഥ പ്രതികളല്ല അറസ‌്‌റ്റിലായതെന്നും മറിച്ച് ആർ.എസ്.എസ് ആണ് കൊലയ്ക്ക് പിന്നിലെന്നും ആരോപിച്ച് ഫസലിന്റെ സഹോദരൻ അബ്ദുറഹ്മാനും സത്താറും ഹൈക്കോടതിയെ സമീപിച്ചതോടൊയണ് കേസിന് പുതിയ മാനം കൈവന്നത്.

 യാദൃച്ഛികത

കേസ് പുനരന്വേഷിക്കാൻ കോടതി ഉത്തരവിട്ട ദിവസം തികച്ചും യാദൃച്ഛികമാണ്. ഫസലിന്റെ മകൾ ഫിദയ്ക്ക് 17 വയസ് പൂർത്തിയാകുന്നതിന് ഒരു ദിവസം മുമ്പാണ് കേസിൽ പുനരന്വേഷണ ഉത്തരവിറങ്ങിയത്. മകൾക്ക് രണ്ട് വയസുള്ളപ്പോഴാണ് ഫസലിന്റെ ജീവൻ കൊലയാളികൾ എടുത്തതെന്ന് ഭാര്യ മറിയു പറയുന്നു. കൊലപാതകം സംബന്ധിച്ച് നേരത്തെയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മറിയം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

പുനരന്വേഷണം ഉറക്കം കെടുത്തുന്നത് ആരെ എന്ന് വ്യക്തമാണെന്നും മറിയു കൂട്ടിച്ചേർത്തു. ഫസലിനെ ആർ.എസ്.എസ് പ്രവർത്തകരാണ് കൊന്നതെന്ന നിലപാടിൽ സഹോദരങ്ങളായ അബ്ദുറഹ്മാൻ, സത്താർ എന്നിവർ കോടതിയിൽ കക്ഷി ചേർന്നപ്പോഴും കൊന്നതിന് പിന്നിൽ സി.പി.എം പ്രവർത്തകർ തന്നെയാണെന്ന നിലപാടിൽ മറിയു മാറ്റമൊന്നും വരുത്തിയിട്ടില്ല.

 യഥാർത്ഥ പ്രതികൾ ആര്?​

ആദ്യം കേസ് അന്വേഷിച്ച തലശേരി സി.ഐ പി.പി. സുകുമാരൻ ഫസലിനെ കൊന്നത് സി.പി.എമ്മുകാരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ സുകുമാരൻ സി.പി.എമ്മിന്റെ നിരന്തര വേട്ടയാടലിനും ഇരയായിരുന്നു. തളിപ്പറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വച്ച് ഇദ്ദേഹത്തെ വളഞ്ഞ് പിടിച്ച് അപകീർത്തിപ്പെടുത്താൻ വരെ ശ്രമവും നടന്നു.

എന്നാലിപ്പോൾ സഹോദരന്മാരുടെ ആരോപണം ശരിയാണെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

കേസിൽ പുനരന്വേഷണം നടക്കുന്നതോടെ തങ്ങളുടെ നേതാക്കൾ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. ഫസൽ വധക്കേസിൽ തലശേരിയിലെ പാർട്ടിയുടെ രണ്ട് പ്രമുഖ നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കുടുങ്ങിയത് സി.പി.എമ്മിനുണ്ടാക്കിയ പ്രതിസന്ധി ചില്ലറയൊന്നുമല്ലായിരുന്നു.

 കൊല ഇങ്ങനെ...

2006 ഒക്ടോബർ 22ന് തലശേരി സൈദാർ പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡിൽ പുലർച്ചെ നാലുമണിക്കാണ് പത്രവിതരണത്തിനായി സൈക്കിളിൽ പോകുമ്പോൾ ഫസൽ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൃത്യത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാലിത് ആർ.എസ്.എസ് ശക്തമായിത്തന്നെ നിഷേധിച്ചിരുന്നു. അന്നത്തെ തലശേരി സി.ഐയായിരുന്ന പി. സുകുമാരൻ എഫ്.ഐ.ആറിട്ട കേസിൽ ഡിവൈ.എസ്.പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചതോടെ കേസിന്റെ ദിശ മാറുകയായിരുന്നു. ഫസൽ വധത്തിന് പിന്നിൽ സി.പി.എം ക്വട്ടേഷൻ ഗുണ്ട കൊടി സുനിയും സംഘവുമായിരുന്നു എന്നാണ് രാധാകൃഷ്ണന്റെ കണ്ടെത്തൽ. കോടിയേരി ബാലകൃഷ്ണന്റെ അയൽവാസികളായ സി.പി.എം പ്രവർത്തകരും പിടിയിലാതോടെ കേസ് മാറി മറഞ്ഞു. 2006 നവംബർ എട്ടിന് ഡി.വൈ.എസ്. സാലിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി മോഹൻദാസും തുടർന്ന് ടി.കെ. രാജ് മോഹനും കേസ് അന്വേഷിച്ചു. 2007 ഒക്ടോബർ എട്ടിനും പത്തിനുമായി മൂന്ന് സി.പി.എം പ്രവർത്തകരെ അറസ്‌റ്റ് ചെയ്തു. അന്വേഷണം നീതിപൂർവമല്ലെന്ന് കാണിച്ച് ഫസലിന്റെ ഭാര്യ മറിയു സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മൂന്ന് പേർക്കൊപ്പം മറ്റു മൂന്ന് സി.പി.എം പ്രവർത്തകരെ കൂടി സി.ബി.ഐ പ്രതികളാക്കി. ഇതിന് ശേഷമാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ, തലശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ എന്നിവർ ഗൂഢാലോചന നടത്തിയതിന് പ്രതികളായത്.

എന്നാൽ,​ 2016ൽ കൂത്തുപറമ്പ് സ്വദേശിയായ സി.പി.എം പ്രവർത്തകൻ മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷ് എന്നു വിളിക്കുന്ന സുബീഷ്, കണ്ണവം സ്വദേശിയായ സി.പി.എം പ്രവർത്തകൻ പവിത്രനെയും തലശേരിയിലെ ഫസലിനെയും കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന് പൊലീസിൽ കുറ്റസമ്മതം നടത്തി. ഇതു വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് ദൃശ്യങ്ങളും രേഖകളും ഡി.ജി.പി മുഖേന സി.ബി.ഐയ്ക്ക് കൈമാറി. എന്നാൽ ഇത് മതിയായ തെളിവല്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. തുടർന്നാണ് തുടരന്വേഷണം വേണമെന്ന ആവശ്യവുമായി സത്താർ ഹൈക്കോടതിയെ സമീപിച്ചത്. ഫസൽ കൊല്ലപ്പെടുന്ന സമയത്ത് തലശേരിയിൽ ആർ.എസ്.എസ് - എൻ.ഡി.എഫ് സംഘർഷം നിലനിന്നിരുന്നതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടരന്വേഷണത്തെ സി.ബി.ഐയും സുബീഷും എതിർത്തു. അന്യായമായി തടവിലാക്കി പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് സുബീഷ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണെന്നാരോപിച്ച് ഫസലിന്റെ ഭാര്യയും ഹർജിയെ എതിർത്തിരുന്നു.

Advertisement
Advertisement