ജീവകാരുണ്യപ്പിരിവ് : സർക്കാർ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

Saturday 10 July 2021 12:01 AM IST

കൊച്ചി: ചികിത്സാസഹായം ഉൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് പിരിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് സമഗ്രനയം വേണം. പണത്തിന്റെ ഉറവിടമുൾപ്പെടെ പരിശോധിക്കണം. ആർക്കും ആരുടെ പേരിലും പിരിവ് നടത്താമെന്ന സ്ഥിതി അനുവദിക്കരുത്.

സ്വീകരിക്കാൻ കഴിയുന്ന നടപടികൾ അറിയിക്കണമെന്ന് സിംഗിൾബെഞ്ച് ആവശ്യപ്പെട്ടു. സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഇമ്രാൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് സർക്കാർ സഹായംതേടി പിതാവ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം.
ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തി യൂട്യൂബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം ശേഖരിക്കുന്നത് അന്വേഷിക്കണം. സമൂഹമാദ്ധ്യങ്ങളിലൂടെ ആർക്കും പണപ്പിരിവ് നടത്താവുന്ന സ്ഥിതിയാണ്. ഫണ്ടുപിരിവിൽ സർക്കാർ നിയന്ത്രണം അത്യാവശ്യമാണ്. സർക്കാരും പൊലീസും കർശനമായി നിരീക്ഷിക്കുകയും ഇടപെടുകയും വേണം. സത്യസന്ധമായി ഫണ്ട് ശേഖരിക്കുന്നത് തടയരുത്.

18 കോടി രൂപയുടെ മരുന്ന് ആവശ്യമുള്ള ഇമ്രാന്റെ ആരോഗ്യനിലയുൾപ്പെടെ വിദഗ്ദ്ധസമിതി പരിശോധിച്ചതായി സർക്കാർ അറിയിച്ചു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ച് നടപടി തീരുമാനിക്കാമെന്ന് അറിയിച്ച കോടതി ഹർജി ഈമാസം 19ന് പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement