പാലം വികസനം വേഗത്തിലാക്കണം

Saturday 10 July 2021 12:17 AM IST

ആലപ്പുഴ: ജില്ലാക്കോടതി പാലം വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ ആവശ്യപ്പെട്ടു. ജില്ല കളക്ടർ എ.അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിപ്പാലം വികസനത്തിന് ആവശ്യമായ സ്ഥലത്തെ ഭൂവുടമകൾക്കും കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്കും ലഭ്യമായ മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്ന് എം.എൽ.എ പറഞ്ഞു. പുനരധിവാസ പാക്കേജുകൾ കുറ്റമറ്റ രീതിയിൽ തയ്യാറാക്കാനും നിർദേശം നൽകി. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും നിർദ്ദേശിച്ചു.

യോഗത്തിൽ ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, കൗൺസിലർ എം.ജി.സതീദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement