തലൈവർ തിരുമ്പി വന്തിട്ടേന്ന് ശൊല്ല്...
ആരോഗ്യപരിശോധനയ്ക്കായി ഭാര്യയ്ക്കും മകൾക്കുമൊപ്പം അമേരിക്കയിലേക്ക് പോയ രജനികാന്ത് ഒരു മാസത്തിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തി. കഴിഞ്ഞ മാസം പ്രത്യേക വിമാനത്തിലാണ് താരം അമേരിക്കയിലേക്ക് പറന്നത്.
എഴുപതുകാരനായ രജനികാന്ത് അഞ്ച് വർഷം മുൻപ്അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് അമേരിക്കയിലേക്ക് പോയത്. നയൻതാരയും കീർത്തി സുരേഷും മീനയും ഖുശ്ബുവുമാണ് അണ്ണാത്തെയിലെ നായികമാർ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം പുതിയ സിനിമകൾ ഏറ്റെടുക്കും മുൻപ് രണ്ട് മാസം പൂർണ വിശ്രമമെടുക്കാനാണ് രജനികാന്തിനോട് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് രജനീകാന്തും ഭാര്യയും ചെന്നൈയിൽ തിരിച്ചെത്തിയത്. അമേരിക്കയിൽ നിന്ന് ദോഹയിലെത്തിയ താരം അവിടെ നിന്ന് കണക്ഷൻ ഫ്ളൈറ്റിലാണ് ചെന്നൈയിൽ പറന്നിറങ്ങിയത്.
നീല ഷർട്ടും കറുത്ത തൊപ്പിയും മാസ്ക്കും ധരിച്ച് എയർപോർട്ടിൽ നിന്ന്കാറിലേക്ക് കയറും മുൻപ് താരം തന്നെ കാണാൻ തടിച്ചുകൂടിയ ആരാധകരോട് നന്ദി പറഞ്ഞു. ചാനൽ കാമറകളും ആരാധകരുടെ സെൽഫോൺ കാമറകളും പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണിപ്പോൾ.
പ്രശസ്ത ഗാനരചയിതാവായ വൈരമുത്തുവിനോട്അമേരിക്കയിൽ നിന്ന് തന്റെ ആരോഗ്യ പരിശോധന പൂർത്തിയായതും പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും രജനികാന്ത് അറിയിച്ചിരുന്നു. രജനി പറഞ്ഞ വിശേഷങ്ങൾ ട്വിറ്ററിലൂടെ വൈരമുത്തു പങ്കുവച്ചിരുന്നു.
അണ്ണാത്തെയുടെ ഡബിംഗ് രജനികാന്തിന്പൂർത്തിയാക്കാനുണ്ട്. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ റിലീസ് ചെയ്തിരുന്നു.