ആയുർവേദപ്പെരുമ ഉയർത്തിയ മഹാവൈദ്യൻ

Saturday 10 July 2021 11:11 PM IST

കോട്ടയ്ക്കൽ: ആയുർവേദത്തിന്റെ പെരുമ കടൽ കടത്തിയതിൽ ഡോ. പി.കെ. വാര്യർ എന്ന മഹാഭിഷഗ്വരന്റെ പങ്ക് ചെറുതല്ല. 1989ൽ ഇറ്റലിയിലേക്കും 1996ൽ റഷ്യയിലേക്കും പി.കെ. വാര്യർ നടത്തിയ യാത്രകളാണ് ആയുർവേദപ്പെരുമ ഇന്ത്യയ്ക്ക് പുറത്തേയ്ക്കെത്തിച്ചത്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ആയുർവേദത്തെ പ്രതിനിധാനം ചെയ്ത് അദ്ദേഹം പങ്കെടുത്തു. ആയുർവേദത്തിന്റെ നന്മ ഒട്ടും ചോരാതെ ആധുനികവത്കരണത്തിന് പ്രാധാന്യമേകി. മരുന്ന് നിർമ്മാണ മേഖലയിൽ അത്യാധുനിക മെഷിനറികളുടെയും സാങ്കേതിക വിദ്യകളുടെയും സഹായം ഉറപ്പാക്കി. കോട്ടയ്ക്കൽ,​ പാലക്കാട് കഞ്ചിക്കോട്,​ കർണ്ണാടകയിലെ നഞ്ചൻകോട് എന്നിവിടങ്ങളിലായി ആധുനിക രീതിയിലുള്ള മൂന്ന് മരുന്ന് നിർമ്മാണ ഫാക്ടറികൾ ആര്യവൈദ്യശാലയ്ക്കുണ്ട്.വ്യാവസായികാടിസ്ഥാനത്തിൽ പുനർസ്ഥാപനം നടത്തിയാലേ ആയുർവേദത്തിന് വളർച്ചയും സ്വീകാര്യതയും ഉണ്ടാവൂ എന്ന തിരിച്ചറിവായിരുന്നു ഇതിനുപിന്നിൽ.

രോഗനിർണ്ണയത്തിനുള്ള പരിമിതി ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തിക്കൊണ്ട് മറികടക്കണമെന്ന നിലപാടിൽ ആര്യവൈദ്യശാലയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയുമുള്ള ലബോറട്ടറി സ്ഥാപിച്ചു. അനലിറ്റിക്കൽ രീതികളിൽ പ്രാവീണ്യമുള്ള ശാസ്ത്രജ്ഞരെ നിയമിച്ചു. ആര്യവൈദ്യശാലയിൽ പല ഗവേഷണ പദ്ധതികളും തുടങ്ങി. മരുന്നുകളുടെ നിർമ്മാണത്തിൽ ഗുണവും വേഗവും ഉറപ്പാക്കുന്നതിൽ ഓരോ കാലഘട്ടത്തിലെയും മികച്ച സാങ്കേതിക സൗകര്യങ്ങളൊരുക്കി.

ചികിത്സയിൽ തനതായ ആയുർവേദ രീതി മുറുകെപ്പിടിച്ചു. കോട്ടയ്ക്കൽ ധർമ്മാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച്ച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് ആയുർവേദ സർവകലാശാല തുടങ്ങണമെന്നത് അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നമായിരുന്നു. ഇതിനായി മുന്നിട്ടിറങ്ങിയെങ്കിലും യാഥാർത്ഥ്യമായില്ല. അഷ്ടാംഗഹൃദയം പാരായണം ചെയ്യുന്നതോടൊപ്പം വൈദ്യരംഗത്തെ നവീനമാറ്റങ്ങൾ അറിയാനുള്ള ശ്രമങ്ങളുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിറുത്തിയത്. സഹപ്രവർത്തകരും ആധുനികതയ്ക്കൊപ്പം നീങ്ങണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇന്ന് ആയുർവേദരംഗത്തെ വലിയ മാറ്റങ്ങളോട് കടപ്പെട്ടിരിക്കുന്നത് പി.കെ.വാര്യരെന്ന മഹാഭിഷഗ്വരനോടാണ്.

ആര്യവൈദ്യശാലയുടെ നെടുംതൂൺ

1947ൽ 'അടുക്കള' എന്നു പേരുള്ള ആര്യവൈദ്യശാല ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാര്യർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മാനേജിംഗ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം. വാരിയർ വിമാന അപകടത്തിൽ മരിച്ചതോടെ 1953ലാണ് പി.കെ. വാര്യർ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തത്. ഇക്കാലയളവിൽ 9 ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാർഷിക വരുമാനമെങ്കിൽ ഇന്നത് 400 കോടി രൂപയ്ക്ക് മുകളിലാണ്. 2,​500 പേർക്ക് നേരിട്ടും പതിനായിരത്തിലധികം പേർക്ക് അല്ലാതെയും തൊഴിൽ നൽകുന്ന സ്ഥാപനമായി വളർന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ. പ്രതിവർഷം 5 ലക്ഷത്തിലധികം രോഗികൾ ആശ്രയിക്കുന്ന ആതുരസേവന കേന്ദ്രമാക്കി ആര്യവൈദ്യശാലയെ അദ്ദേഹം മാറ്റിയെടുത്തു. എണ്ണമറ്റ ആളുകൾക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകിയ ധർമ്മാശുപത്രിയും ഇതോടൊപ്പം വളർന്നു. ആയുർവേദത്തിന്റെ സാദ്ധ്യതകൾ ആധുനികകാലത്തിനൊപ്പം സമന്വയിപ്പിച്ചതാണ് ഈ വിജയങ്ങൾക്ക് അടിത്തറയിട്ടത്.

തുടർച്ചയായ 67 വർഷം ഒരുവലിയ സ്ഥാപനത്തിന്റെ അമരക്കാരനായി ഇരിക്കുകയെന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ് അദ്ദേഹം. നിരവധി പ്രഗത്ഭർ പി.കെ.വാര്യരുടെ ചികിത്സാപുണ്യം അനുഭവിച്ചവരാണ്. മുൻരാഷ്ട്രപതി വി.വി.ഗിരി, ജയപ്രകാശ് നാരായണൻ, ശ്രീലങ്കൻ പ്രസിഡന്റ് സിരിമാവോ ബന്ധാര നായകെ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ തുടങ്ങി ലിസ്റ്റ് നീളുന്നു.

യൂറോപ്യൻ രാജ്യങ്ങൾ,​ അമേരിക്ക,​ തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ഗവേഷണം,​ ചികിത്സ,​ പഠനം എന്നിവയ്ക്കായി നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.

Advertisement
Advertisement